ദക്ഷിണേന്ത്യൻ സിനിമയിൽ നിറയെ ആരാധകരുളള നടിയാണ് സാമന്ത. നടൻ നാഗചൈതന്യയുമായുളള വിവാഹമോചനത്തിനുശേഷം പലതരം ഗോസിപ്പുകളും സാമന്തയെക്കുറിച്ചുണ്ടായിട്ടുണ്ട്.2010-ൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിലൂടെയാണ് സാമന്ത അഭിനയരംഗത്തേക്ക് കടത്തുവരുന്നത്. അതേവർഷം തന്നെ യെ മായാ ചെസാവെ എന്ന തെലുങ്ക് ചിത്രത്തിലും സാമന്ത നായികയായി. ചിത്രം ബോക്സോഫീസിൽ വൻഹിറ്റായിരുന്നു. ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ് നടി.
തന്റെ പുതിയ വിന്റേജ് ലുക്കിലുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവച്ചിരുന്നു. സാരി ഉടുത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളാണിത്. ചിത്രങ്ങളിൽ കഴുത്തിലെ പഴയ ടാറ്റൂവും കാണാം. മുൻപ് സാമന്ത ഈ ടാറ്റൂ മായ്ച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആ ടാറ്റൂ വ്യക്തമായി കാണുന്ന രീതിയിലാണ് പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ എന്തുകൊണ്ടാണ് നടി ടാറ്റൂ മായ്ക്കാത്തതെന്നാണ് ആരാധകർ ചോദിക്കുന്നത്. (ടാറ്റൂ ചെയ്തതിൽ തനിക്ക് കുറ്റോബോധമുണ്ടെന്ന് 2020ൽ ആരാധകരുമായി നടത്തിയ സംവാദത്തിടെ നടി വെളിപ്പെടുത്തിയിരുന്നു.)
ഇപ്പോഴും നാഗചൈതന്യയെ മറക്കാൻ നടിക്ക് കഴിഞ്ഞിട്ടില്ലെന്നും ചില ആരാധകർ അഭിപ്രായപ്പെടുന്നു. നാഗചൈതന്യ നായകനായ യെ മായാ ചെസാവെ എന്ന സിനിമയുടെ ഓർമയ്ക്കായി വൈഎംസി എന്നാണ് കഴുത്തിന്റെ പിന്നിൽ സാമന്ത ടാറ്റൂ ചെയ്തിരിക്കുന്നത്. പോസ്റ്റിന് ഇതിനോടകം തന്നെ ഒരു മില്യൺ ലൈക്കാണ് ലഭിച്ചത്. നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. സൂപ്പർ ലുക്ക്, എന്താണ് സാമന്ത ആ ടാറ്റൂ മായ്ക്കാത്തത്, സാരി നിങ്ങൾക്ക് വളരെ നന്നായി ചേരുന്നുണ്ട്, ക്യൂട്ട്, വൈഎംസി ടാറ്റൂ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
2010ലാണ് യെ മായാ ചെസാവെ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലായതെന്നാണ് വിവരം. പിന്നാലെ 2017ൽ വിവാഹിതരായി. ആരാധകരെ കടുത്ത നിരാശയിലാക്കി 2021ൽ ഇരുവരും വിവാഹമോചിതരുമായി.കഴിഞ്ഞ വർഷം നാഗചൈതന്യ, ബോളിവുഡ് താരവും മോഡലുമായ ശോഭിത ധൂലിപാലയെ വിവാഹം കഴിക്കുകയും ചെയ്തു.