വൈപ്പിൻ: ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഭർത്താവ് എടവനക്കാട് അറക്കപ്പറന്പിൽ സജീവനെ (45) അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.
ഇതിനായി ഇന്ന് ഞാറക്കൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുന്നുണ്ട്. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതെന്നാണ് അറിവ്.
കൂടുതൽ ചോദ്യം ചെയ്യലിനും തെളിവുകൾ ശേഖരിക്കലിനുമാണ് പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. കൊല്ലപ്പെട്ടത് നായരന്പലം നികത്തിത്തറ രമേശിന്റെയും അജിതയുടെയും മകൾ രമ്യ(35)തന്നെയെന്ന് വ്യക്തമാണ്.
ഇത് തെളിയിക്കാൻ ശാസ്ത്രീയമായ തെളിവുകൾ ലഭ്യമായിട്ടുണ്ടത്രേ. അതേസമയം കൊല ചെയ്തത് സജീവനാണെന്നത് കോടതിയിൽ തെളിയിക്കാൻ ദൃസാക്ഷികളില്ല.
ഇതിനായാണ് പോലീസ് പരമാവധി മറ്റു തെളിവുകൾ ശേഖരിക്കാൻ ശ്രമിക്കുന്നത്. മൃതാവശിഷ്ടങ്ങൾ സ്ത്രീയുടേതാണെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക റിപ്പോർട്ട്. ഇനി പൂർണമായ പോസ്റ്റുമോർട്ടം റിപ്പോട്ടും ഇതിനു പിൻബലമായി ഫോറൻസിക് റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടും ലഭിക്കണം.
രമ്യയുടെ മൊബൈൽ നശിപ്പിച്ചിട്ടില്ലെന്ന് സംശയം
കൊല്ലപ്പെട്ട രമ്യയുടെ മൊബൈൽ ഫോണ് തല്ലിപ്പൊട്ടിച്ചശേഷം കത്തിച്ചു കളഞ്ഞെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. പക്ഷേ പോലീസ് ഇത് വിശ്വസിക്കുന്നില്ല.
ഫോണുൾപ്പെടെ മറ്റു ചില തെളിവുകൾകൂടി ലഭിക്കാനുണ്ട്. ഇനി കത്തിച്ചുകളഞ്ഞെങ്കിൽ ഇതിന്റെ അവശിഷ്ടങ്ങളെങ്കിലും കണ്ടെത്തണം.
ഇതെല്ലാം കണ്ടെടുത്ത് ശാസ്ത്രീയ തെളിവുകൾക്കൊപ്പം പരമാവധിതെളിവുകൾ കോടതിക്കുമുന്നിൽ ഹാജരാക്കുകയാണ് പോലീസിന്റെ ഇനിയുള്ള ലക്ഷ്യം.
മൃതദേഹം കുഴിച്ചിട്ടിരുന്നു വാടക വീട് ഇപ്പോഴും പോലീസ് കാവലിലാണ്. ഇവിടെ മൃതാവശിഷ്ടങ്ങൾ കണ്ടെടുക്കാൻ പോലീസ് കുഴിച്ച കുഴി ഇപ്പോഴും മൂടിയിട്ടില്ല.
കൂട്ടുപ്രതികളുണ്ടോ സജീവ് തനിച്ചാണ് രമ്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതെന്ന് പോലീസ് ആവർത്തിച്ച് പറയുന്പോഴും കൂട്ടുപ്രതികൾ ഉണ്ടായിരിക്കുമെന്നാണ് നാട്ടുകാരുടെ സംശയം.
പ്രതിയേക്കാൾ തടിച്ച ശരീര പ്രകൃതിയുളള രമ്യയെ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം വീടിന്റെ ടെറസിൽനിന്നു താഴെ എത്തിക്കാൻ മറ്റൊരാളുടെ സഹായമില്ലാതെ പറ്റില്ലെന്ന നിഗമനത്തിലാണ് നാട്ടുകാർ.
ഏതാണ്ട് നാലര അടിയോളം നീളത്തിലും മൂന്ന് അടിയോളം വീതിയിലുമുള്ള കുഴിയെടുത്താണ് മൃതദേഹം മറവ് ചെയ്തിരുന്നത്.
കുഴി മൂടിയപ്പോൾ ബാക്കി വന്ന മണ്ണ് വീടിന്റെ മറ്റൊരു വശത്ത് കൊണ്ട് വന്നിടുകയും ചെയ്തുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇതെല്ലാം ഇയാൾ പാതിരാത്രിയിൽ തനിച്ച് ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ.
വളർത്തുനായയുടെ ജഡം എവിടെ കുഴിച്ചിട്ടു
പോലീസിനു മറ്റൊരു തെളിവാകുന്ന വളർത്തുനായയുടെ മൃതാവശിഷ്ടങ്ങളാണ്. എന്നാൽ ഇത് എവിടെ കുഴിച്ചിട്ടുവെന്നത് ഇപ്പോഴും വ്യക്തമല്ല. വൈറസ് ബാധിച്ച് ചത്തതാണെന്നാണ് പ്രതി പോലീസിനോട് വെളിപ്പെടുത്തിയത്.
എന്നാൽ മൃതദേഹം കുഴിച്ചിട്ട് നാലോ അഞ്ചോ ദിവസം കഴിഞ്ഞപ്പോൾ നായ അവിടെ തെരയാൻ തുടങ്ങിയത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നു കൊന്നുകളഞ്ഞതാണെന്നാണ് പോലീസ് നിഗമനം.
ഇതിനുശേഷം എടവനക്കാട് ചാത്തങ്ങാട് കടപ്പുറം ഭാഗത്ത് കുഴിച്ചിട്ടിരിക്കുകയാണെന്നാണ് സൂചന. ചത്തനായയെ ബീച്ചിൽ എവിടെയങ്കിലും കുഴിച്ചിടുന്നതിൽ കുഴപ്പമുണ്ടോയെന്ന് പ്രതി ചില സുഹൃത്തുക്കളെ വിളിച്ചു ചോദിച്ചിട്ടുള്ളതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
കസ്റ്റഡിയിൽ വാങ്ങുന്ന പ്രതിയെ ബീച്ചിലെത്തിച്ച് നായയെ കുഴിച്ചിട്ട സ്ഥലം കണ്ടെത്തി അവശിഷ്ടങ്ങൾ കണ്ടെടുത്തേക്കുമെന്നാണ് അറിവ്.