കണ്ണൂര്‍ കൊട്ടിയൂരില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായ കേസില്‍ ശിശുക്ഷേമ സമിതിക്കും അനാഥാലയത്തിനും വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ശിശുക്ഷേമ സമിതി ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. സമിതിക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി കെ.കെ.ഷൈലജ നിയമസഭയിലും അറിയിച്ചു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പ്രസവം നടന്ന കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയും ആശുപത്രി അധികൃതര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേയുള്ള പോക്‌സോ നിയമപ്രകാരവും ജുവനൈല്‍ നിയമപ്രകാരവുമാണു കേസ്. അമ്മയുടെ സമ്മതപ്രകാരമല്ലാതെ നവജാതശിശുവിനെ അനാഥ മന്ദിരത്തിലാക്കാന്‍ സഹായിച്ചെന്ന് ആരോപിക്കപ്പെട്ടവര്‍ക്കെതിരേയും കേസെടുത്തു. നിയമം പാലിക്കാതെ കുട്ടിയെ സ്വീകരിച്ചെന്ന കുറ്റം ചുമത്തി വയനാട്ടിലെ അനാഥ മന്ദിരത്തിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസുകള്‍.
സംഭവത്തില്‍ യഥാസമയം നടപടിയെടുത്തില്ലെന്നാരോപിച്ചു വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ വയനാട് ജില്ലാ കളക്ടറോടു ജില്ലാ പോലീസ് മേധാവി ശിപാര്‍ശ ചെയ്തു. ഇരട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്‍റെ മേല്‍നോട്ടത്തില്‍ പേരാവൂര്‍ സിഐ സുനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണു കേസന്വേഷിക്കുന്നത്. കൊട്ടിയൂര്‍ സംഭവത്തില്‍ നവമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്നു പോലീസ് അറിയിച്ചു.