പയ്യന്നൂര്‍: പോര്‍ച്ചുഗീസില്‍ നിന്നുള്ള ഫുട്ബോള്‍ ഇതിഹാസം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പേരിലും തട്ടിപ്പ്. റൊണാള്‍ഡോയുടെ മാനേജര്‍ ചമഞ്ഞാണ് തുര്‍ക്കിയിലെ കമ്പനിയുടെ 1,35,62,500 രൂപ തട്ടിയെടുത്തത്. ഇതിനെതിരേ നല്കിയ പരാതിയില്‍ തിരുവനന്തപുരം വെഞ്ഞാറന്മൂട് വലിയകട്ടക്കലിലെ ഹമീം മുഹമ്മദ് ഷാഫി, കടമ്പൂരിലെ അവിക്കല്‍ സുധീഷ് എന്നിവര്‍ക്കെതിരേ കോടതി നിര്‍ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
2017-18 കാലഘട്ടത്തിലാണ് പരാതിക്കാസ്പദമായ സംഭവം. തുര്‍ക്കി ആസ്ഥാനമായ മെറ്റാഗ് എന്ന നിര്‍മാണ കമ്പനിയുടെ ദോഹയിലെ അപ്പാര്‍ട്ട്മെന്റ് പ്രോജക്ടിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന്റെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. ഇതിനായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെയും ദോഹയിലെ കണ്‍സ്ട്രക്ഷന്‍ പ്രോജക്ടിന്റെ പ്രചാരണത്തിന് ബ്രാന്‍ഡ് അംബാസിഡറായി ക്രിസ്ത്യാനോ റൊണാള്‍ഡോയെ ഏര്‍പ്പാടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ പരാതിക്കാരനെ സമീപിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ഇതിനായി റൊണാള്‍ഡോയുടെ മാനേജര്‍ എന്ന പേരില്‍ തയാറാക്കിയ വ്യാജ കത്തുകള്‍ കാണിച്ചായിരുന്നു പ്രതികള്‍ പരാതിക്കാരെ സമീപിച്ചത്.റൊണാള്‍ഡോയുടെ പേരിലുള്ള കത്തുകള്‍ വിശ്വസിച്ചതോടെയാണ് കമ്പനിയുടെ ആളുകള്‍ പ്രതികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇവരുടെ സേവനത്തിനുള്ള വ്യവസ്ഥകള്‍ അംഗീകരിച്ച് പണം നല്‍കിയത്.
ഇതിനായി 2019 ജൂണ്‍ 23 വരെ പയ്യന്നൂരിലെ ഒരു റസിഡന്സിയില്വച്ച് കൈമാറിയ രണ്ടുലക്ഷം രൂപയുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍നിന്നും 1,35,62,500 രൂപ കൈപ്പറ്റി വഞ്ചിച്ചതായുള്ള പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്താനായി പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. വഞ്ചിക്കപ്പെട്ട കമ്പനിയുടെ പാര്‍ട്ണറുടെ നിര്‍ദേശപ്രകാരം പണം കൈമാറിയ പയ്യന്നൂര്‍ അന്നൂരിലെ പ്രകാശ് രാമനാഥിന്റെ പരാതിയിലാണ് കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തത്.

