ന്യൂഡൽഹി: ഇസ്താംബൂളിൽ നടന്ന റഷ്യ-യുക്രെയ്ൻ മൂന്നാം റൗണ്ട് സമാധാന ചർച്ചകളിൽ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ടു ധാരണയായില്ല. ഇരുരാജ്യങ്ങളും കൂടുതൽ തടവുകാരെ കൈമാറുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. അന്പതുദിവസത്തിനുള്ളിൽ സമാധാന കരാറിൽ ധാരണയായില്ലെങ്കിൽ റഷ്യയ്ക്കും അവരുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്കും മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഭീഷണി പുറപ്പെടുവിച്ചതിനുശേഷമാണ് ഇസ്താംബൂളിൽ വെടിനിർത്തൽ ചർച്ചകൾ നടന്നത്.
“മനുഷ്യത്വപരമായ പാതയിൽ പുരോഗതിയുണ്ട്, ശത്രുത അവസാനിപ്പിക്കുന്നതിൽ പുരോഗതി ഉണ്ടായിട്ടില്ല’- നാൽപ്പതു മിനിറ്റ് മാത്രം നീണ്ടുനിന്ന ചർച്ചകൾക്കുശേഷം യുക്രെയ്ൻ മുഖ്യ പ്രതിനിധി റസ്റ്റം ഉമെറോവ് പറഞ്ഞു. ഓഗസ്റ്റ് അവസാനം യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്താൻ യുക്രെയ്ൻ നിർദേശിച്ചിരുന്നു. ഈ നിർദ്ദേശം അംഗീകരിക്കുന്നതിലൂടെ, റഷ്യയ്ക്ക് അതിന്റെ ക്രിയാത്മക സമീപനം വ്യക്തമായി പ്രകടിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാരുടെ യോഗത്തിന്റെ ലക്ഷ്യം കരാറിൽ ഒപ്പിടുക എന്നതായിരിക്കണം. എല്ലാം ആദ്യം മുതൽ ചർച്ച ചെയ്യുക എന്നതല്ലെന്ന് റഷ്യയുടെ മുഖ്യപ്രതിനിധി വ്ളാഡിമിർ മെഡിൻസ്കി പറഞ്ഞു. മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനായി 24-48 മണിക്കൂർ ഹ്രസ്വകാല വെടിനിർത്തൽ കരാർ തുടരണമെന്ന റഷ്യയുടെ ആവശ്യവും അദ്ദേഹം അറിയിച്ചു.
ഇരുരാജ്യങ്ങളും കുറഞ്ഞത് 1,200 യുദ്ധത്തടവുകാരെയെങ്കിലും കൈമാറാൻ സമ്മതിച്ചതായും 3,000 യുക്രെയ്നിയൻ മൃതദേഹങ്ങൾ കൂടി കൈമാറാൻ റഷ്യ വാഗ്ദാനം ചെയ്തതായും മെഡിൻസ്കി പറഞ്ഞു. തട്ടിക്കൊണ്ടുപോയതായി കീവ് ആരോപിക്കുന്ന 339 യുക്രെയ്നിയൻ കുട്ടികളുടെ പട്ടിക റഷ്യ പരിശോധിച്ചുവരികയാണ്. കുട്ടികളിൽ ചിലരെ ഇതിനകം യുക്രെയ്നിലേക്കു തിരിച്ചയച്ചിട്ടുണ്ട്.
ബാക്കിയുള്ളവരുടെ കാര്യത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. കുട്ടികളുടെ മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ, പ്രതിനിധികൾ എന്നിവരെ കണ്ടെത്തിയാൽ കുട്ടികളെ കൈമാറുമെന്നും മെഡിൻസ്കി പറഞ്ഞു.