കോട്ടയം: എരുമേലി ശബരി വിമാനത്താവളത്തിന് സ്ഥലം വിട്ടുകൊടുക്കേണ്ട പ്രദേശവാസികള്‍ ആശങ്കയില്‍. ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ കൈവശമുള്ള 916.27 ഹെക്ടര്‍ ചെറുവള്ളി എസ്റ്റേറ്റിനു പുറമെ 121.876 ഹെക്ടര്‍ സ്ഥലം സ്വകാര്യവ്യക്തികളില്നിന്നാണ് ഏറ്റെടുക്കേണ്ടത്.
എയര്‍പോര്‍ട്ട് പദ്ധതിയുടെ ഭാഗമായി നാലു വര്‍ഷം മുന്‍പ് സ്ഥലവും കെട്ടിടവും കല്ലിട്ടുതിരിച്ച വ്യക്തികള്‍ക്ക് നിലവില്‍ കെട്ടിടങ്ങള്‍ പണിയാനോ വില്‍ക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ സാധിക്കില്ല. ഇവിടെ ദീര്‍ഘകാല വിളകള്‍ നട്ടുപിടിപ്പിക്കാനും അനുവാദമില്ല. സമയബന്ധിതമായി നഷ്ടപരിഹാരം നല്കി സ്ഥലം ഏറ്റെടുത്താല്‍ മാത്രമേ മറ്റിടങ്ങളില്‍ സ്ഥലവും വീടും വാങ്ങാനാകൂ.
മുന്‍പ് ആധാരം പണയപ്പെടുത്തി പണമെടുത്തവര്‍ തിരിച്ചടയ്ക്കാനാവാതെ ജപ്തിഭീഷണിയെ നേരിടുകയാണ്. സ്ഥലം വിട്ടുകൊടുക്കേണ്ട ഏറെപ്പേരും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയുമാണ്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ച കേസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിന് സര്‍ക്കാര്‍ സമയബന്ധിതമായി പരിഹാരം തേടുന്നുമില്ല.
കേസ് വ്യവഹാരം സുപ്രീം കോടതി വരെ നീണ്ടുപോയാല്‍ പ്രദേശവാസികളുടെ ജീവിതം വഴിമുട്ടും. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചതോടെ റവന്യു വകുപ്പ് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളിലേക്കു കടക്കേണ്ടതാണ്. റവന്യു നിയമത്തിലെ ഭൂമി ഏറ്റെടുക്കാനുള്ള 8(2) ചട്ടപ്രകാരം അനുമതി ലഭിച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്നു.
ഏറ്റെടുക്കേണ്ടത് 2,570 ഏക്കര്‍ സ്ഥലം
മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 2,570 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. കോടതി നടപടികള്‍ തുടരുന്നതിനാല്‍ ചെറുവള്ളി എസ്റ്റേറ്റ് സ്ഥലം സര്‍വേ മുടങ്ങിക്കിടക്കുകയാണ്.പദ്ധതി പ്രദേശത്ത് നടത്തിയ സാമൂഹിക ആഘാതപഠന റിപ്പോര്‍ട്ടിന് ആനുമതി നല്കിയ ശേഷമാണു കേന്ദ്ര സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരമുളള നടപടികള്‍ക്ക് ശിപാര്‍ശ നല്‍കിയത്.
സ്ഥലം ഏറ്റെടുക്കലിനു മുന്നോടിയായി കെട്ടിടം, ഭൂമി, മരങ്ങള്‍ എന്നിവയുടെ നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടില്ല. 261 ഏക്കര്‍ സ്വകാര്യഭൂമി എരുമേലി തെക്ക്വില്ലേജില് ഒഴക്കനാട് പ്രദേശത്തും 46 ഏക്കര്‍ ഭൂമി മണിമല വില്ലേജില്‍ ചാരുവേലി ഭാഗത്തുനിന്നുമാണ് ഏറ്റെടുക്കുന്നത്. സ്വകാര്യഭൂമി ഏറ്റെടുക്കുന്നതില്‍ ഒരു വിഭാഗം ഉടമകള്‍ക്ക് എതിര്‍പ്പും മറ്റൊരു വിഭത്തിനു നഷ്ടപരിഹാരം സംബന്ധിച്ച് ആശങ്കയുമുണ്ട്.
നഷ്ടപരിഹാരത്തിലും ആശങ്ക
നഷ്ടപരിഹാരം സംബന്ധിച്ച് പാക്കേജ് തയാറാക്കുന്നത് വസ്തുവിന്റെ സമീപപ്രദേശങ്ങളില്‍ മൂന്നു വര്‍ഷങ്ങളില്‍ നടന്നിട്ടുള്ള സമാനമായ ആധാരങ്ങളുടെ വില അടിസ്ഥാനമാക്കിയാണ്. കാര്‍ഷികമേഖലയിലെ പ്രതിസന്ധി, വിദേശ കുടിയേറ്റം തുടങ്ങിയ കാരണങ്ങളാല്‍ തോട്ടങ്ങളുടെ വിലയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്.
വീടുവയ്ക്കാന്‍ പറ്റിയ പ്ലോട്ടുകള്‍ക്ക് മാത്രമാണ് നിലവില്‍ ഡിമാന്‍ഡുള്ളത്. സ്വന്തമായി വീട് ഇല്ലാതെ ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്നവരുടെ പുനരധിവാസം എങ്ങനെയെന്നതിലും ആശങ്കയുണ്ട്. എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 23ല്‍ ഉള്‍പ്പെട്ട 366 പേരുടെയും മണിമല വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 19ല്‍ ഉള്‍പ്പെട്ട 73 പേരുടെയും സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടത്.
ബ്ലോക്ക് നമ്പര്‍ 22ല്‍ ഉള്‍പ്പെട്ട ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിലെ 811 ഹെക്ടര്‍ സ്ഥലവും 22-ാം നമ്പര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട 42 ഹെക്ടര്‍ സ്ഥലവും കോടതി വ്യവഹാരത്തിനുശേഷം ഏറ്റെടുക്കും. പാലാ സബ് കോടതിയില്‍ നടക്കുന്ന ഉടമസ്ഥതാവകാശ കേസ് വൈകുംതോറും പ്രതിസന്ധിയിലാകുന്നത് പ്രദേശവാസികളാണ്.