തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് വൈകുന്നേരം റാന്നിയിലെ കോടതിയില്‍ ഹാജരാക്കും. സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
2019 കാലയളവില്‍ സുധീഷ് കുമാറായിരുന്നു ശബരിമലയിലെ എക്സിക്യൂട്ടീവ് ഓഫീസര്‍. ദ്വാരപാലക ശില്പ്പങ്ങള് സ്വര്ണ്ണപ്പാളിയെന്നറിയമായിരുന്നിട്ടും ചെമ്പ് പാളിയെന്ന് വ്യാജരേഖ ഉണ്ടാക്കുകയും ഉണ്ണിക്കൃഷ്ണന് പോറ്റി മുഖേന സ്വര്‍ണം കടത്താന്‍ സഹായിച്ചെന്നും കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം സുധീഷിനെ അറസ്റ്റ് ചെയ്തത്. ആരുടെ നിര്‍ദേശാനുസരണമാണ് ചെമ്പ് പാളിയെന്ന് സാക്ഷ്യപ്പെടുത്തിയതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇയാള്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നില്ല.
ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഉണ്ണികൃഷ്ണന് പോറ്റിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്വര്‍ണം കൊള്ളയടിക്കാന്‍ കുട്ടുനിന്നവരുടെ പേരുവിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. നേരത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ മാത്രം വിചാരിച്ചാല്‍ സ്വര്‍ണം പുറത്തു കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് ഉന്നതര്‍ക്കും പങ്കുണ്ടെന്ന് മുരാരി ബാബു അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
പിടിയിലായവരെ ചോദ്യം ചെയ്ത മൊഴികളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുടെ സൂഹൃത്ത് വാസുദേവനെയും സുധീഷ് കുമാറിനെയും ഇന്നലെ ഉച്ചയോടെയാണ് ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വിളിച്ചുവരുത്തിയത്.
വാസുദേവനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുധീഷ് കുമാറിന് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

