തലശേരി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തലശേരി മേഖലയിലുണ്ടായ അക്രമ സംഭവങ്ങളിലെ ഭൂരിഭാഗം പ്രതികളെയും തിരിച്ചറിഞ്ഞതായി തലശേരി എഎസ്പി അരവിന്ദ് സുകുമാര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. പ്രതികള്‍ക്കായി വ്യാപകമായ റെയ്ഡ് നടത്തി വരികയാണെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും എഎസ്പി വ്യക്തമാക്കി.
തലശേരി സ്റ്റേഷന് പരിധിയില്‍ 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിൽ നൂറു പ്രതികളാണുള്ളത്. ഇവരില്‍ 40 പേരെ ഇതിനകം അറസ്റ്റുചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളില്‍ അറസ്റ്റിലായ 12 പേരെ റിമാൻഡ് ചെയ്തു. മറ്റ് 28 പേര്‍ക്ക് സ്റ്റേഷന് ജാമ്യം അനുവദിച്ചതായി പോലീസ് പറഞ്ഞു.
തലശേരി സിഐ എം.പി.ആസാദ്, എസ്ഐ എം.അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ എട്ട് സ്ക്വാഡുകളാണ് പ്രതികള്‍ക്കായി റെയ്ഡ് നടത്തുന്നത്. ഇന്നലെ രാത്രിയിലും പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്തി. തിരിച്ചറിഞ്ഞിട്ടുള്ള പ്രതികളില്‍ പലരും ഒളിവിലാണെന്നും ഇവരെ കണ്ടെത്താന്‍ ബന്ധു വീടുകളിൽ ഉള്‍പ്പെടെ ഇന്നു മുതല്‍ റെയ്ഡുകള്‍ തുടരുമെന്നും സിഐ എം.പി ആസാദ് രാഷ്ട്രദീപികയോട് പറഞ്ഞു.
ചില കേസുകളിലെ പ്രതികള്‍ കര്‍ണാടകത്തിലേക്ക് കടന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാന്‍ പോലീസ് കര്‍ണാടകയിലേക്ക് പോകും.സിപിഐ ഓഫീസായ പുതിയ ബസ്സ്റ്റാൻഡിലെ എന്‍.ഇ. ബലറാം മന്ദിരം അക്രമിച്ച കേസിലെയും വി.മുരളിധീരന് എംപിയുടെ വീടിന് ബോംബെറിഞ്ഞ കേസിലെയും മഞ്ഞോടിയിലെ ദിനേശ് കഫെ അക്രമിച്ച കേസിലെയും ഉള്‍പ്പെടെയുള്ള പ്രതികളാണ് ഇതിനകം പിടിയിലായിട്ടുള്ളത്.
എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ വീടിന് ബോംബ് എറിഞ്ഞ കേസിലെ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുള്ളതായി പോലീസ് വ്യക്തമാക്കി. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ വീടിനു ബോംബെറിഞ്ഞതും കൊളശേരിയില്‍ ദിനേശ് ബീഡി കമ്പനിക്ക് ബോംബറിഞ്ഞതും ഒരേ സംഘമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇവര്‍ ബൈക്കിലാണ് രണ്ട് സ്ഥലങ്ങളിൽ എത്തിയതെന്നും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ്, സിപിഎം ഏരിയാ കമ്മറ്റി അംഗം വാഴയില്‍ ശശി, ആര്‍എസ്എസ് നേതാവ് സി.ചന്ദ്രശേഖരന് തുടങ്ങിയവരുടെ വീട് ആക്രമിച്ചത് സംഘം ചേര്‍ന്ന് എത്തിയവരാണെന്നും മറ്റു അക്രമങ്ങൾ നടത്തിയത് ബൈക്കിലെത്തിയ രണ്ട് പേരടങ്ങുന്ന സംഘമാണെന്നും വ്യക്തമായിട്ടുണ്ട്.