ഔദ്യോഗിക ബഹുമതി നൽകിയില്ല! ഇതിഹാസത്തിന്‍റെ ഗുരുവിനോട് അനാദരവ്; വിവാദത്തോട് പ്രതികരിക്കാതെ സച്ചിൻ

മുംബൈ: ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറെ ക്രിക്കറ്റ് ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഗുരു രമാകാന്ത് അച്‌രേക്കറുടെ സംസ്കാരത്തിനു പിന്നാലെ വിവാദം. അച്‌രേക്കക്കറുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ മഹാരാഷ്ട്ര സർക്കാർ നൽകിയില്ലെന്നതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധമറിയിച്ച് ശിവസേനയടക്കമുള്ള കക്ഷകൾ രംഗത്തെത്തി.

സർക്കാരിന്‍റെ എല്ലാപരിപാടികളും ബഹിഷ്കരിക്കണമെന്ന് സച്ചിനോട് ശിവസേന ആവശ്യപ്പെട്ടു. പദ്മശ്രീയും ദ്രോണാചാര്യയും നേടിയിട്ടുള്ള ഒരു വ്യക്തിയുടെ സംസ്കാര ചടങ്ങിൽ എന്തുകൊണ്ടാണ് സർക്കാർ ഔദ്യോഗിക ബഹുമതികൾ നൽകാതിരുന്നതെന്ന് ശിവസേന ആരാഞ്ഞു. പാർട്ടി മുഖപത്രമായ സാമാനയിൽ ഫഡ്നാവിസ് സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

അതേസമയം, ആശയ വിനിമയത്തിലുണ്ടായ പാളിച്ചയാണ് ഔദ്യോഗിക ബഹുമതി നൽകാൻ സാധിക്കാതെ പോയതിനു പിന്നിലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംസ്കാര ചടങ്ങിൽ പങ്കെടുത്ത മഹാരാഷ്ട്ര ഭവന നിർമാണ വകുപ്പ് മന്ത്രി പ്രകാശ് മേത്തയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിവാദത്തോട് സച്ചിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related posts