നെടുങ്കണ്ടം: അശരണർക്ക് കൈത്താങ്ങായി പാന്പാടുംപാറ സ്വദേശി സുരേന്ദ്രൻ. 15 വർഷമായി ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ് ഇദ്ദേഹം. നാട്ടിൽ പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തങ്ങൾ വന്നപ്പോൾ എല്ലായിടത്തും സഹായഹസ്തവുമായി എത്തിയത് സഹായി എന്നറിയപ്പെടുന്ന പാന്പാടുംപാറ അന്പലത്തുംകാലായിൽ സുരേന്ദ്രനായിരുന്നു. ആ പതിവു തെറ്റിക്കാതെ ഇപ്പോഴും നാട്ടിൽ എന്ത് ആവശ്യങ്ങൾ ഉണ്ടായാലും ആദ്യം ഓടിയെത്തുന്നത് സുരേന്ദ്രനാണ്.
കോവിഡ് കാലത്ത് പാന്പാടുംപാറ പ്രദേശത്തെ മുഴുവൻ ആൾക്കാരെയും ടെസ്റ്റിനായി ആശുപത്രികളിൽ എത്തിക്കാനും ഗുരുതരാവസ്ഥയിലായവരെ മെഡിക്കൽ കോളജിൽ എത്തിക്കാനും സുരേന്ദ്രൻ നേതൃത്വം നൽകിയിരുന്നു.
കോവിഡ് മൂലം മരണമടഞ്ഞവരെ സംസ്കരിക്കാനും സുരേന്ദ്രൻ മുൻകൈയെടുത്തിരുന്നു. പത്തനാപുരം ഗാന്ധിഭവനിലെ അശരണർക്കായി കഴിഞ്ഞദിവസം സുരേന്ദ്രൻ ശേഖരിച്ചത് 3000 പേർക്കുള്ള വസ്ത്രങ്ങളും ചെരിപ്പ് ഉൾപ്പെടെയുള്ള വസ്തുക്കളുമാണ്.
വീട്ടുകാർ ഉപേക്ഷിച്ചവരും പ്രായമായവരും വിവിധ രോഗങ്ങളാൽ വലയുന്നവരുമാണ് ഗാന്ധിഭവനിലെ അന്തേവാസികൾ. ഇവർക്കായി കട്ടപ്പനയിലെ വിവിധ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ നിന്നുമാണ് വസ്ത്രങ്ങൾ ശേഖരിച്ചത്.
കുഞ്ഞുങ്ങൾ മുതൽ വിവിധ പ്രായങ്ങളിലുള്ള ആളുകൾക്ക് ആവശ്യമായി വരുന്ന വസ്ത്രങ്ങളും ചെരുപ്പുകളും ശേഖരിച്ച് രണ്ടു പിക് അപ്പ് ജീപ്പുകളിലായാണ് സുരേന്ദ്രൻ പത്തനാപുരത്ത് എത്തിച്ചത്.
ഗാന്ധിഭവനിലേക്കു വസ്ത്രങ്ങളുമായി പോയ സുരേന്ദ്രനെ പാന്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തെക്കേക്കുറ്റ്, പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ ഭാരവാഹികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ ചേർന്നാണ് യാത്രയാക്കിയത്. ്നു

