സംഗീത ലോകം അടക്കി ഭരിക്കുന്ന ആ രണ്ടു പേര്‍ തീരുമാനിക്കും ആരു പാടണമെന്ന് ! അഭിനയ ലോകത്തു മാത്രമല്ല സംഗീതലോകത്തും ശക്തമായ മാഫിയയുണ്ടെന്ന വെളിപ്പെടുത്തലുമായി സോനു നിഗം…

നടന്‍ സുശാന്ത് സിംഗ് രാജ് രാജ്പുത്തിന്റെ മരണത്തോടെ ബോളിവുഡ് സിനിമാ ലോകത്ത് സ്വജന പക്ഷപാതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുകയാണ്.

ഈ പശ്ചാത്തലത്തില്‍ സംഗീത കമ്പനികള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ സോനു നിഗം.

അഭിനയ ലോകത്ത് മാത്രമല്ല, ബോളിവുഡില്‍ സംഗീത ലോകത്തും ശക്തമായ മാഫിയ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ഗായകരുടെയും വലിയ ഗായകരാവണമെന്ന് ആഗ്രഹിക്കുന്നവരെയും ഗാനരചയിതാക്കളേയും സംഗീത സംവിധായകരേയും ഇവര്‍ ഇല്ലാതാക്കുകയാണെന്ന് സോനു തന്റെ വ്‌ളോഗില്‍ പറഞ്ഞു. സോനു നിഗത്തിന്റെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

”ഇന്ന്, സുശാന്ത് സിങ് രാജ്പുത് എന്ന നടന്‍ മരിച്ചു. ഏതൊരു ഗായകനെ കുറിച്ചോ സംഗീതസംവിധായകനെ കുറിച്ചോ ഗാനരചയിതാവിനെ കുറിച്ചോ നാളെ നിങ്ങള്‍ക്ക് ഇതു തന്നെ കേള്‍ക്കാനാകും. കാരണം ഇന്ത്യയിലെ സംഗീത രംഗത്ത് ഒരു വലിയ മാഫിയ നിലവിലുണ്ട്. ചെറുപ്പത്തില്‍ത്തന്നെ അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനായിരുന്നു. അതിനാല്‍ ഈ കുഴപ്പത്തില്‍ നിന്ന് വളരെ നേരത്തെ തന്നെ രക്ഷപ്പെടാന്‍ എനിക്ക് കഴിഞ്ഞു. എന്നാല്‍ പുതിയ കുട്ടികള്‍ക്ക് വളരെ ബുദ്ധിമുട്ടേറിയ സാഹചര്യമാണ് ഇവിടെ,” സോനു പറയുന്നു.

രണ്ട് സംഗീത കമ്പനികള്‍ ഇന്ത്യയിലെ സംഗീതരംഗത്തെ അടക്കി ഭരിക്കുകയാണെന്ന് സോനു വ്യക്തമാക്കി. ”നിര്‍മ്മാതാക്കള്‍, സംവിധായകര്‍, സംഗീത സംവിധായകര്‍ എന്നിവര്‍ പുതിയ പ്രതിഭകളുമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ക്ക് ഒരു സംഗീത കമ്പനിയുമായി സഖ്യമുണ്ടാകാത്തതിനാല്‍, ചെയ്യാനാകുന്നില്ല. മുഴുവന്‍ സ്വാധീനവും രണ്ട് കമ്പനികളിലും രണ്ട് ആളുകളിലും മാത്രമാണ്. ആര് പാടണം ആര് പാടേണ്ട എന്ന് അവര്‍ തീരുമാനിക്കുന്നു.”

”ഈ മാഫിയ അഥവാ മ്യൂസിക് ലേബലുകള്‍, ഇവരുമായി ബന്ധമുള്ള ഗായകരെയും സംഗീത സംവിധായകരെയും മാത്രമാണ് ഉപയോഗിക്കുക. മറ്റുള്ളവരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്. ഗാനങ്ങള്‍ക്ക് രചന നിര്‍വഹിക്കുന്നവര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ തുകയാണ്. അവരെ ഇവര്‍ ഗൗനിക്കുക പോലുമില്ല”.

”കാലക്രമേണ ഇവര്‍ സംവിധായകരെയും നിര്‍മാതാക്കളെയും വരെ സ്വാധീനിക്കും. ഇവരുടെ ഇഷ്ടപ്രകാരമുള്ള ഗാനങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്താനായി ഭീഷണിപ്പെടുത്തും. അത്തരം ഗാനങ്ങള്‍ സിനിമയില്‍ ആവശ്യമില്ലെങ്കില്‍ പോലും ഇവര്‍ക്ക് വഴങ്ങേണ്ടി വരും. രണ്ട് മ്യൂസിക് കമ്പനികളാണ് ഇതിന് പിന്നിലുള്ളത്. ആരൊക്കെ പാടണമെന്നും, വേണ്ടെന്നും ഇവരാണ് തീരുമാനിക്കുന്നത്.”

പുതിയ ഗായകരെ അവഗണിക്കരുതെന്നും അവരെ പീഡിപ്പിക്കരുതെന്നും സംഗീത കമ്പനികളോടു സോനു നിഗം അഭ്യര്‍ഥിച്ചു.”പുതിയ പ്രതിഭകളുടെ കണ്ണിലും ശബ്ദത്തിലും ഞാന്‍ നിരാശ കാണാറുണ്ട്. അവര്‍ മരിക്കുകയാണെങ്കില്‍, നിങ്ങളുടെ നേരെ വിരലുകള്‍ ഉയരും. ദയവായി വളര്‍ന്നു വരുന്ന കുട്ടികളെ തളര്‍ത്തരുത്. അവരുടെ ഭാഗത്തു നിന്നും ചിന്തിയ്ക്കാന്‍ ശ്രമിക്കൂ. അവര്‍ക്ക് നിങ്ങളുടെ സഹായവും ദയയും ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.

https://www.facebook.com/watch/?v=2541305792785886&t=0

Related posts

Leave a Comment