കൊച്ചി: ഫിലിം ചേംബര്‍ പ്രസിഡന്റാകാതിരിക്കാന്‍ തനിക്കെതിരെ വലിയ നാടകം നടക്കുന്നുണ്ടെന്ന് സജി നന്ത്യാട്ട്. നിസാര കാരണങ്ങള്‍ പറഞ്ഞാണ് എല്ലാം ചെയ്യുന്നത്. തെരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിയാല്‍ യോഗങ്ങള്‍ വിളിക്കാന്‍ പാടില്ല. എന്നാല്‍, ഇന്നലെ അതിനെ എല്ലാം മറികടന്നു യോഗം ചേര്‍ന്നു. ഫിലിം ചേംബർ കെട്ടിട നിര്‍മ്മാണത്തിലെ അടക്കം ചില അഴിമതികള്‍ കണ്ടെത്തിയതാണ് വൈരാഗ്യത്തിന് കാരണമെന്നും ഭൂരിപക്ഷം നിര്‍മാതാക്കളും വിതരണക്കാരും തനിക്ക് ഒപ്പമാണെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.
സാന്ദ്ര തോമസ് എന്ന വ്യക്തിയെ പിന്തുണയ്ക്കുന്നില്ല. അവര്‍ ഉയര്‍ത്തിയ ചില കാര്യങ്ങളെയാണ് താന്‍ പിന്തുണച്ചത്. സാന്ദ്രയുടെ കാര്യത്തില്‍ ഇന്ന് കോടതി തീരുമാനിക്കും. ബൈലോ പ്രകാരം സാന്ദ്രയ്ക്ക് മത്സരിക്കാം. മത്സരവുമായി മുന്നോട്ടുപോകാനാണു തീരുമാനം. സാന്ദ്രയുടെ കേസില്‍ കോടതി വിധി എതിരാണെങ്കില്‍ പ്രസിഡന്റായി തന്നെ മത്സരിക്കുമെന്നും അല്ലെങ്കില്‍ ട്രഷറര്‍ സ്ഥാനത്തേക്കു മത്സരിക്കുമെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.
ഫിലിം ചേമ്പര്‍ ഒരു കുടുംബമാണ്. അവിടെ സിനിമാ നിര്‍മാതാക്കള്‍ക്ക് എല്ലാവര്ക്കും എപ്പോഴും കയറിച്ചെല്ലാന്‍ കഴിയണം. തന്റെ കൈയില്‍ പല ബോംബും ഇരിപ്പുണ്ടെന്നും അതൊന്നും പുറത്തു വിടാത്തത് സംഘടന മോശമാകാതിരിക്കാനാണെന്നും പറഞ്ഞ അദ്ദേഹം ഇവിടെ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോപിച്ചു.
മലയാള സിനിമാമേഖലയിലെ വിവിധ സംഘടനകളുടെ ഉന്നതാധികാര സമിതിയായ ഫിലിം ചേംബറിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സജി നന്ത്യാട്ട് ഇന്നലെ രാജിവച്ചിരുന്നു. സംഘടനാ നേതൃത്വത്തിലെ ചിലരുമായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് രാജിയെന്നാണ് സജി പറഞ്ഞത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് സജി സാന്ദ്രാ തോമസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജി.