ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സോഫിയെയും കാമുകനെയും കൈയൊഴിഞ്ഞ് ബന്ധുക്കളും, സാമിനെ ചതിച്ച സോഫിയെയും അരുണിനെയും കാത്തിരിക്കുന്നതെന്ത്?

samഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഫെബ്രുവരിയില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു പുനലൂര്‍ സ്വദേശിയും യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം മരിച്ചത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് സാമിന്റെ ഭാര്യ സോഫിയെയും (32) കാമുകന്‍ അരുണ്‍ കമലാസനനെയും (34) പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തുകയായിരുന്നു.

അതേസമയം ജയിലില്‍ കഴിയുന്ന സോഫിയെയോ അരുണിനെയോ കാണാന്‍ ബന്ധുക്കളിലാരും ഇതുവരെ തയാറായിട്ടില്ല. കേസ് നടത്തിപ്പിനായി ഇടപെടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളിസംഘടനകളും സാമിന്റെ കൊലപാതകികള്‍ക്കു കഠിനശിക്ഷ ലഭിക്കണമെന്ന പക്ഷക്കാരാണ്. വധശിക്ഷ നിരോധിച്ച രാജ്യമാണ് ഓസ്‌ട്രേലിയ. 1973 ലെ ഡെത്ത് പോനാലിറ്റി അബോളിഷന്‍ ആക്ട് പ്രകാരമാണ് ഓസ്‌ട്രേലിയയില്‍ വധശിക്ഷ ഒഴിവാക്കിയത്. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടിയ ശിക്ഷ ജീവപര്യന്തം തടവാണ്.

ഓസ്‌ട്രേലിയയില്‍ അനിശ്ചിത കാലത്തേക്കാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. ശിക്ഷ വിധിക്കുന്ന ജഡ്ജി സാധാരണയായി പരോളിനപേക്ഷിക്കുന്നതിന് ഒരു സമയപരിധി നിശ്ചയിക്കും. ആ കാലയളവിന് ശേഷം പരോളിനപേക്ഷിക്കാം. അതിഹീന കൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പരോള്‍ നിഷേധിക്കുന്ന അവസരങ്ങളും ഉണ്ട്. ഇത്തരക്കാര്‍ ജീവിതകാലം മുഴുവന്‍ ജയില്‍ ജീവിതം അനുഭവിക്കേണ്ടതാണ്. പോലീസുകാര്‍, ഉന്നതാധികാരികള്‍ എന്നിവരെ കൊലപ്പെടുത്തുന്നവര്‍ക്ക് ഇരുപത് വര്‍ഷമോ അതില്‍ കൂടുതലോ തടവ്ശിക്ഷ ലഭിക്കാം. അല്ലാത്തവര്‍ക്ക് ഏറ്റവും കുറഞ്ഞത് പത്ത് വര്‍ഷം തടവും. ഓസ്‌ട്രേലിയയില്‍ ഇതുവരെ വിധിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടിയ തടവ് കാലം അറുപത് വര്‍ഷമാണ്. അല്ലാത്തപക്ഷം ശരാശരി തടവ് കാലം 45 വര്‍ഷമാണ്. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ തടവനുഭവിച്ചവര്‍ക്ക് വോട്ടവകാശവും നിഷേധിക്കപ്പെടും. വളരെയധികം പ്രമാദമായ കേസായിരുന്നു സാം വധക്കേസ്. ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങളെല്ലാം കൊലപാതകവാര്‍ത്തയ്ക്കു വലിയ പ്രാധാന്യം നല്കിയിരുന്നു.

Related posts