ആദ്യ മകന്‍ ഹാന്‍സ് ജനിച്ചതിനുശേഷം എന്റെ ശരീര ഭാരം 32 കിലോ ഉയര്‍ന്ന് 102 കിലോയായി, എനിക്ക് എന്നെത്തന്നെ തിരിച്ചറിയാന്‍ സാധിച്ചില്ല, പതിയെ വിഷാദരോഗത്തിലേക്ക് വീണു, സമീറ റെഡ്ഡി മനസുതുറക്കുന്നു

ആദ്യ മകന്റെ ജനനത്തിന് പിന്നാലെ തന്നെ പ്രസവാനന്തര വിഷാദരോഗം അലട്ടിയിരുന്നതായി സമീറ റെഡ്ഡി വെളിപ്പെടുത്തി. വല്ലാതെ ഭാരം കൂടിയെന്നും സ്വയം തിരിച്ചറിയാൻ സാധിക്കുന്നില്ലായിരുന്നുവെന്നും സമീറ ഒരു അഭിമുഖത്തിൽ പറഞ്ഞു.

സമീറയുടെ വാക്കുകള്‍ ഇങ്ങനെ… 2015ലായിരുന്നു ആദ്യ മകന്‍ ഹാൻസ് ജനിച്ചത്. ആ സമയം തന്റെ ശരീര ഭാരം 32 കിലോ ഉയർന്ന് 102 കിലോയായി. എനിക്ക് എന്നെത്തന്നെ തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പുറത്തിറങ്ങുമ്പോഴെല്ലാം ആളു‍കൾ എന്നെക്കണ്ട് അമ്പരക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു. അത് സമീറ റെഡ്ഡിയല്ലേ, അവർക്കിത് എന്തുപറ്റി എന്ന ചോദ്യങ്ങൾ കേട്ടു. എന്നെ വിഷാദം അലട്ടിയിരുന്നതായി എല്ലാവർക്കും അറിയാം, ഇതൊക്കെയാണെങ്കിലും ഞാൻ നല്ലൊരു അമ്മയായിരുന്നു.

കുഞ്ഞുണ്ടായി ആറ് മാസം കഴിഞ്ഞ് കുറെ മുടി കൊഴിഞ്ഞുപോയി. ഒരു മാറ്റത്തിനായി ഞാൻ പ്രയത്നിച്ചു. തെറാപ്പിയെ ആശ്രയിച്ചു. ഒരു വ്യക്തിയെന്ന നിലയിൽ ആശയക്കുഴപ്പത്തിലാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. നേരത്തെ ഞാൻ ഒരു നടി മാത്രമായിരുന്നു. ഇന്ന് ഞാനൊരു ഭാര്യയാണ്, അമ്മയാണ്.

പ്രസവം കഴിഞ്ഞ് ഉടൻ തന്നെ സിനിമാരംഗത്തേക്ക് മടങ്ങിയെത്താമെന്നാണ് കരുതിയത്. പക്ഷേ ഒരു വ്യക്തിയെന്ന നിലയിൽ ആകെ തകർന്നെന്ന തോന്നലായിരുന്നു. ഒരു താരമെന്ന നിലയിൽ ആളുകൾ നിങ്ങളെ എങ്ങനെ കാണുമെന്നത് വലിയ സമ്മർദ്ദം തരുന്ന കാര്യമാണ്. ഞാൻ പെർഫെക്ട് ആണ്, ഓകെ ആണ് എന്ന് ഇടക്കിടെ ആളുകളെ ബോധ്യപ്പെടുത്തേണ്ടി വരുന്ന അവസ്ഥ.

പക്ഷേ ഇന്ന് കാര്യങ്ങളെല്ലാം മാറി. ഞാൻ വീണ്ടും ഗര്‍ഭിണിയാണ്. വയറുണ്ട്, വണ്ണമുണ്ട്. എപ്പോഴും ഗ്ലാമറസ് ആയിരിക്കാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല. പക്ഷേ എനിക്കുറക്കെ പറയാൻ കഴിയും, ഇങ്ങെനെ ആയാലും കുഴപ്പമില്ലെന്ന്”-സമീറ പറഞ്ഞു.

Related posts