കൊല്ലം: ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതോടെ രാജ്യത്താകമാനം വഞ്ചനാപരമായ മൊബൈൽ കോളുകളിൽ (സ്പൂഫ്ഡ്) 97 ശതമാനം കുറവ്.നേരത്തേ രാജ്യത്ത് പ്രതിദിനം 1.35 കോടി കബളിപ്പിക്കൽ കോളുകൾ ലഭിച്ചിരുന്നു. ഇത്തരം കോളുകൾ ഇപ്പോൾ പ്രതിദിനം മൂന്ന് ലക്ഷമായി കുറഞ്ഞതായാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രായലത്തിൻ്റെ ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഡിജിറ്റൽ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ സഞ്ചാർ സാഥി പോർട്ടൽ ഏറെ പ്രയോജനകരമായി എന്നാണ് ഇത് വ്യക്തമാക്കുന്നത്. രാജ്യത്തുടനീളം 15.5 കോടി ആൾക്കാർ പോർട്ടൽ ഉപയോഗിച്ചതായാണ് കണക്ക്.വ്യക്തിഗത പരിധി കവിഞ്ഞതിന് ആകെ 1.75 കോടി ഫോൺ നമ്പരുകളും റദ്ദാക്കിയിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻ്റ് ഫേഷ്യൽ റെക്കഗ്നിഷൻ ഫോർ ടെലികോം സിം സബ്സ്ക്രൈബർ വെരിഫിക്കേഷൻ (എഎസ് റ്റി ആർ) സംവിധാനം ഉപയോഗിച്ച് 82 ലക്ഷം മൊബൈൽ കണക്ഷനുകളും വിഛേദിച്ചു.വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശശിക്കുന്ന 5.1 ലക്ഷം മൊബൈൽ ഹാൻ്റ് സെറ്റുകളും അധികൃതർ ഇതിനകം ബ്ലോക്ക് ചെയ്തു. മാത്രമല്ല 24.46 ലക്ഷം വാട്സ് ആപ്പ് അക്കൗണ്ടുകളും പ്രവർത്തന രഹിതമാക്കി.
കൂടാതെ വഞ്ചനാപരമായ സന്ദേശം അയക്കൽ പ്രചാരണങ്ങൾ തടയുന്നതിൻ്റെ ഭാഗമായി ബൾക്ക് എസ്എംഎസ് അയക്കുന്ന 20,000 സംഘങ്ങളെ കരിമ്പട്ടികയിലും പെടുത്തിയിട്ടുണ്ട്.സെൻട്രൽ എക്യുപ്മെൻ്റ് ഐഡൻ്റിറ്റി രജിസ്റ്റർ (സിഇഐആർ) സൗകര്യം പ്രയോജനപ്പെടുത്തി 35 ലക്ഷത്തിലധികം നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഉപകരണങ്ങൾ സുരക്ഷിതമാക്കുകയും ചെയ്തു.
ഇതിൽ 21.35 ലക്ഷം ഉപകരണങ്ങൾ കണ്ടെത്തി. 5.07 ലക്ഷം ഉപകരണങ്ങൾ വീണ്ടെടുത്ത് ഉടമകൾക്ക് തിരികെ നൽകി. ഇതെല്ലാം സഞ്ചാർ സാഥി പോർട്ടലിൻ്റെ സവിശേഷതകളാണന്നാണ് മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ.
- എസ്.ആർ. സുധീർ കുമാർ