സൗന്ദര്യം കുറഞ്ഞവരെല്ലാം വളരെ മോശം സ്വഭാവം ഉള്ളവരോ, 5 പൈസയുടെ കുറവുള്ളവരോ, വില്ലന്മാരോ ആണെന്നാണ് മലയാള സിനിമ പറയാതെ പറയുന്നത്! സിനിമയിലെ വര്‍ണ്ണവിവേചനത്തെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നൈജീരിയ സ്വദേശി സാമുവല്‍ റോബിന്‍സണ്‍, തനിക്ക് കുറഞ്ഞ പ്രതിഫലമാണ് തന്നതെന്നും, വര്‍ണ വിവേചനം അനുഭവിച്ചുവെന്നും പറഞ്ഞ് രഗത്തെത്തിയിരുന്നു. അതു സംബന്ധിച്ചുള്ള വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുകയാണ്. സംസ്‌കാരത്തില്‍ ഏറെ മുമ്പിട്ടു നില്‍ക്കുന്നവരെന്നഭിമാനിക്കുന്നവരുടെ നാടായ കേരളത്തില്‍ സംഭവിച്ച ഇക്കാര്യം ചര്‍ച്ചയാകുമ്പോള്‍ വിഷയത്തില്‍ സ്വന്തം അനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.

കേരളത്തില്‍ കുറേ ആളുകള്‍ക്കിടയില്‍ വര്‍ണ വിവേചനം ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നുണ്ട് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. തന്നെ വിമര്‍ശിക്കുന്ന പലരും പറയാറുള്ളത് ഒരു നായകനു വേണ്ട സൗന്ദര്യമില്ല, പല്ലു ശരിയല്ല, മൂക്ക് ശരിയല്ല, കണ്ണാടി നോക്കാറില്ലേ എന്നൊക്കെയായിരുന്നെന്നും ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഡാന്‍സ് മാസ്റ്ററും മിമിക്രിക്കാരും തന്നെ പരസ്യമായി ഇതുപറഞ്ഞ് അധിക്ഷേപിച്ചെന്നും അദ്ദേഹം കുറിച്ചു.

‘കേരളത്തില്‍ പുരോഗമന ചിന്തയും, പ്രബുദ്ധതയും, പണം ദാനം ചെയ്യലും, ഹൃദയ വിശാലതയും എല്ലാം സിനിമയിലും കഥകളിലും മാത്രമാണുള്ളത്….പ്രാക്ടിക്കല്‍ ലൈഫില്‍ ശക്തമായ ജാതീയത, വര്‍ണ വിവേചനം എന്നിവ നിലനില്‍ക്കുന്നു,’ സന്തോഷ് പണ്ഡിറ്റ് പറയുന്നു.

മലയാള സിനിമാ മേഖലയിലെ ഇത്തരം ദുഷിപ്പുകളെ കുറിച്ചും സന്തോഷ് എഴുതിയിട്ടുണ്ട്. ‘കേരളത്തിലെ മൊത്തം സൂപ്പര്‍ താരങ്ങളും ഒറ്റ നോട്ടത്തില്‍ സായിപ്പന്മാരെ പോലിരിക്കുന്ന സുന്ദര കുട്ടപ്പന്മാരാണ്… മൊത്തം നായികമാരും അതി സുന്ദരികളും ആണ്…(യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ 80% സൗന്ദര്യം കുറഞ്ഞവരും, 20% മാത്രമേ സുന്ദരന്മാരുള്ളൂ…. പക്ഷേ 100% സൗന്ദരൃം ഉള്ളവരുടെ പ്രതിനിധികളാണ് ഉയര്‍ന്ന താരങ്ങള്‍) മലയാള സിനിമയില്‍ കറുത്ത നിറമുള്ളവരേയും, സൗന്ദര്യം കുറഞ്ഞവരേയും സാധാരണ വട്ടനോ, പൊട്ടനോ, കോമാളിയോ, വില്ലനോ ആയിട്ടാണ് അവതരിപ്പിക്കാറുള്ളത്…

ഇത്തരം ആളുകള്‍ നായകനായി വന്നാല്‍ അത് അംഗീകരിക്കുവാന്‍ പലര്‍ക്കും മടിയാണ്… എന്നാല്‍ സൗന്ദര്യം കുറഞ്ഞവര്‍ സ്വയം കോമാളി വേഷം കെട്ടി വരികയോ, ‘ ഹീറോയിസം’ ഒട്ടും ഇല്ലാത്ത, വിവരം കുറഞ്ഞ, സാമൂഹ്യ ബോധം കുറഞ്ഞ, കഥാ പാത്രങ്ങളായി മൗറശലിരല നു മുന്നില്‍ വന്നാല്‍ അവരത് സ്വീകരിക്കും…ഹിറ്റാക്കും….ഉദാഹരണം…’കരുമാടി കുട്ടന്‍’, ‘വടക്കു നോക്കി യന്തം’, ‘ചിന്താവിഷ്ടയായ ശ്യാമള’, ‘ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’,’കട്ടപ്പനയിലെ റിത്വിക് റോഷന്‍’ etc,etc…ഇതിലെ നായകന്മാര്‍ 10 പെരെ ഇടിച്ചിടുന്നില്ല…ഐറ്റം സോങ് ഇല്ല. സുന്ദരിമാരൊന്നും ഇവരെ പ്രേമിക്കുന്നില്ല. പഞ്ച് ഡയലോഗില്ല…സൗന്ദര്യം കുറഞ്ഞവരെല്ലാം വളരെ മോശം സ്വഭാവം ഉള്ളവരോ, 5 പൈസയുടെ കുറവുള്ളവരോ, വില്ലന്മാരോ ആണെന്നാണ് മലയാള സിനിമ പറയാതെ പറയുന്നത്… ഭൂരിഭാഗം വില്ലന്മാരും സൗന്ദര്യം കുറഞ്ഞവരാകും..’ സന്തോഷ് പണ്ഡിറ്റ് പറഞ്ഞുനിര്‍ത്തുന്നു.

Related posts