കുന്നംകുളം: അവസാന ദിവസംവരെ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ജേതാക്കളായി കോഴിക്കോട് ജില്ല. 1374 പോയിന്റുകളും 20 ഇനങ്ങളിൽ ഒന്നാം റാങ്കുകളും നേടിയാണ് കോഴിക്കോടിന്റെ കിരീട നേട്ടം. നിലവിലെ ചാന്പ്യൻമാരായ പാലക്കാടിനും 1374 പോയിന്റ് ലഭിച്ചെങ്കിലും ഒന്നാം റാങ്കുകളുടെ എണ്ണം കണക്കിലെടുത്ത കോഴിക്കോടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
19 ഒന്നാം റാങ്കാണ് പാലക്കാടിനു ലഭിച്ചത്. 1366 പോയിന്റു നേടി മൂന്നാം സ്ഥാനക്കാരായെങ്കിലും അവസാന ദിനം വരെ കണ്ണൂർ ജില്ലയും കിരീടപ്പോരാട്ടത്തിൽ മുന്നിലുണ്ടായിരുന്നു. 16 ഒന്നാംറാങ്കുകളാണ് കണ്ണൂരുകാർ നേടിയത്. ളുകളിൽ ആലത്തൂർ ബിഎസ്എസ് ഗുരുകുലംമികച്ച സ്കൂളിനുള്ള ഓവറോൾ ചാന്പ്യൻഷിപ്പ് 141 പോയിന്റുമായി പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് സ്വന്തമാക്കി. വയനാട് ദ്വാരക എസ്എച്ച്എച്ച്എസ്എസ് ആണ് രണ്ടാംസ്ഥാനക്കാർ.
ശാസ്ത്രമേള വിഭാഗത്തിൽ മികച്ച ജില്ലയായി 128 പോയിന്റോടെ കണ്ണൂരും രണ്ടാംസ്ഥാനക്കാരായി 121 പോയിന്റോടെ കോഴിക്കോടും തെരഞ്ഞെടുക്കപ്പെട്ടു. വിവിഎച്ച്എസ്എസ് താമരക്കുളമാണ് ഈ വിഭാഗത്തിലെ മികച്ച സ്കൂൾ. ഗണിതമേളയിൽ കോഴിക്കോട് (261 പോയിന്റ്) ഒന്നാം സ്ഥാനക്കാരായപ്പോൾ 258 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനം നേടി. മികച്ച സ്കൂൾ - ടിആർകെഎച്ച്എസ്എസ് വാണിയംകുളം.
സാമൂഹ്യ ശാസ്ത്രമേളയിൽ കണ്ണൂർ-135 പോയിന്റ്, പാലക്കാട്-130 ജില്ലകൾ ആദ്യ സ്ഥാനങ്ങൾ നേടി. മികച്ച സ്കൂൾ-ജിഎച്ച്എസ്എസ് വെട്ടത്തൂർ.
പ്രവൃത്തിപരിചയമേളയിൽ കോഴിക്കോട്-762 പോയിന്റ്, പാലക്കാട് ജില്ലകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. മികച്ച സ്കൂൾ – ആലത്തൂർ ബിഎസ്എസ് ഗുരുകുലം.
ഐടി മേളയിൽ എറണാകുളം ജില്ല 126 പോയിന്റോടെ ഒന്നാം സ്ഥാനം നേടിയപ്പോൾ പാലക്കാട് 126 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. മികച്ച സ്കൂൾ – സെന്റ് തോമസ് എച്ച്എസ് നടവയൽ.