സ്വന്തം ലേഖകന്‍
കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ ‘യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍’ എന്ന പേരില്‍ എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ പോസ്റ്റര്‍ പതിച്ചതിനു പിന്നില്‍ മുഹമ്മദ് ഷിയാസ് ഡിസിസി പ്രസിഡന്റാകുന്നതിനോട് എതിര്‍പ്പുള്ളവര്‍.
നിലവില്‍ വൈസ് പ്രസിഡന്റായ ഷിയാസ് പ്രസിഡന്റാകുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് സതീശനെതിരേ പുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഡിസിസി പ്രസിഡന്റ് പട്ടികയില്‍ ജില്ലയില്‍നിന്ന് ഷിയാസിന്റെ പേര് മാത്രമാണ് ഉള്ളത്. അദേഹത്തിനുവേണ്ടി ശക്തമായി വാദിച്ചതാണ് സതീശനോടുള്ള എതിര്‍പ്പിനു കാരണം.
പരസ്യമായ രഹസ്യം
രമേശ് ചെന്നിത്തലയെ മാറ്റി, സതീശനെ പ്രതിപക്ഷനേതാവാക്കിയപ്പോള്‍ പോലും ജില്ലയിൽ ഉണ്ടാകാതിരുന്ന എതിര്‍പ്പ് ഇപ്പോൾ ഉയര്‍ന്നതിനു പിന്നില്‍ മുഹമ്മദ് ഷിയാസ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തലപ്പത്തേക്കു വരുന്ന സാഹചര്യത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്.
അതു തിരിച്ചറിഞ്ഞുകൊണ്ടുതന്നെയായിരുന്നു പോസ്റ്റര്‍ വിവാദത്തെക്കുറിച്ച് തലസ്ഥാനത്ത് ഇന്നലെ പ്രതിപക്ഷനേതാവിന്റെ പ്രതികരണം. എന്തൊക്കെ എതിര്‍പ്പുകള്‍ ഉണ്ടായാലും പാര്‍ട്ടി പുനസംഘടയുമായി ബന്ധപ്പെട്ട് അനാവശ്യമായ ഒരു സമ്മര്‍ദങ്ങള്‍ക്കും വഴിങ്ങില്ലെന്നാണ് അദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.
കപ്പിനും ചുണ്ടിനുമിടയിൽ
സംഘടനാതലത്തിലെ പ്രര്ത്തനമികവുകൊണ്ട് സതീശന്റെ ഗുഡ്ബുക്കില്‍ സ്ഥാനംപിടിച്ച മുഹമ്മദ് ഷിയാസിന് മുമ്പ് പല പദവികളും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായിട്ടുണ്ട്.
ഇക്കുറി അത്തരം സാഹചര്യം ഒഴിവാക്കുന്നതിനായാണ് പട്ടികയില്‍ ഷിയാസിന്റെ പേരു മാത്രം ഉള്‍പ്പെടുത്തിയത്. മറ്റു പേരുകളൊന്നും പരിഗണിക്കേണ്ടതില്ലെന്ന സതീശന്റെ ശക്തമായ സമ്മര്‍ദം ഒരു വിഭാഗത്തെ അദേഹത്തിനെതിരാക്കി. അവര്‍ തന്നെയാണ് പോസ്റ്റര്‍ വിവാദത്തിനു പിന്നിലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
പണിയെടുക്കാതെ വിലസുന്നവർ
അതേസമയം യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ല, മറിച്ച് കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയവരാണ് പോസ്റ്ററിനു പിന്നിലെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഷ്ട്രദീപികയോടു പറഞ്ഞു.
മുഹമ്മദ് ഷിയാസ് ഓടിനടന്ന് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്നും പണിയെടുക്കാതെ പാര്‍ട്ടി ലേബലില്‍ വിലസുന്ന ചിലര്‍ക്ക് അദേഹം വരുമ്പോള്‍ അസ്വസ്ഥത ഉണ്ടാവുക സ്വാഭാവികമാണെന്നും യൂത്ത് നേതാവ് കൂട്ടിച്ചേര്‍ത്തു.