ഒന്പതു കിലോഗ്രാം ഭാരമുള്ള ലോഹമാല ധരിച്ച് എംആർഐ സ്കാനിംഗ് മുറിയിൽ കയറിയ അറുപത്തൊന്നുകാരൻ മെഷീനുള്ളിൽ കുടുങ്ങി മരിച്ചതായി റിപ്പോർട്ട്.
ഈ മാസം 16ന് ന്യൂയോർക്കിലെ നാസോ ഓപ്പൺ എംആർഐ ക്ലിനിക്കിലാണു ദാരുണ സംഭവം. ഭാര്യയുടെ കാൽമുട്ട് സ്കാൻ ചെയ്യുന്നതിനിടെ മുറിയിൽ കയറിയ കീത്ത് മക്കലിസ്റ്റർ ആണു മരിച്ചത്. സ്കാനിംഗിനു ശേഷം തന്നെ പിടിച്ചെഴുന്നേൽപ്പിക്കാനായി ഭർത്താവിനെ മുറിക്കകത്തേക്കു വിളിച്ചതാണെന്ന് ഭാര്യ പറഞ്ഞു.
ഭാരോദ്വഹന പരിശീലനത്തിന് ഉപയോഗിക്കുന്ന വലിയ ലോഹമാല മക്കലിസ്റ്റർ ധരിച്ചിരുന്നു. ശക്തമായ കാന്തശേഷിയുള്ള എംആർഐ മെഷീൻ ഇദ്ദേഹത്തെ വലിച്ചെടുക്കുകയായിരുന്നു.
മുറിയിലുണ്ടായിരുന്ന ടെക്നീഷൻ ഇദ്ദേഹത്തെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടില്ല. മാല വേർപെടുത്തി ഇദ്ദേഹത്തെ മെഷീനിൽനിന്ന് പുറത്തെടുക്കാൻ ഒരു മണിക്കൂർ വേണ്ടിവന്നുവെന്ന് പറയുന്നു. അപകടത്തിൽ മക്കലിസ്റ്ററിന് ഗുരുതരമായ ഹൃദയാഘാതമുണ്ടായി. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഒരു ദിവസത്തിനുശേഷം മരിച്ചു.