കഥയും നോവലും എഴുതിയവര്‍ പോലും സൂക്ഷിക്കുക !നിങ്ങള്‍ പോലും അറിയാതെ അതിനു രണ്ടാം ഭാഗം വരുന്നുണ്ടാകും; ഇതിഹാസയുടെ സംവിധായകനെതിരേ തുറന്നടിച്ച് തിരക്കഥാകൃത്ത്…

ഇതിഹാസ, സ്‌റ്റൈല്‍, കാമുകി എന്നീ ചിത്രങ്ങളുെട സംവിധാകയനായ ബിനു എസിനെതിരേ കടുത്ത ആരോപണങ്ങളുമായി തിരക്കഥാകൃത്ത് അനീഷ് ലി അശോക്. ഇതിഹാസ-2വിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ടാണ് അനീഷ് സംവിധായകന് നേരെ തിരിഞ്ഞത്.

താനറിയാതെ ഇതിഹാസ-2 സിനിമയുമായി സംവിധായകനും കൂട്ടരും മുന്നോട്ട് പോകുന്നുണ്ടെന്നും അതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അനീഷ് പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് ബിനു, ഇതിഹാസ 2 എന്ന ചിത്രം അനൗണ്‍സ് ചെയ്യുന്നത്. തിരക്കഥയിലും ബിനുവിന്റെ പേര് ആയിരുന്നു.

അനീഷിന്റെ കുറിപ്പില്‍ പറയുന്നത്…ഇതിഹാസ എന്ന സിനിമ എഴുതിയ ഞാന്‍ പോലും അറിയാതെ ഇപ്പോള്‍ ‘ഇതിഹാസ 2’ എന്ന പേരില്‍ പലരും എവിടയൊക്കെയോ ഇരുന്നു അതിനു രണ്ടാം ഭാഗം എഴുതുന്നു എന്ന ഒരു വാര്‍ത്ത കേള്‍ക്കുവാനിടയായി. എന്താണ് അവരുടെ ലക്ഷ്യം എന്നു അറിയില്ല…

ഇവരൊക്കെ ഭയങ്കര ബുദ്ധി രാക്ഷസന്മാര്‍ ആണെന്നു തോന്നുന്നു… ഇങ്ങനൊക്കെ രണ്ടാം ഭാഗം എടുക്കാന്‍ പറ്റുമെങ്കില്‍ ഈ നാട്ടില്‍ ഇറങ്ങിയ എല്ലാ സിനിമക്കും, കഥകള്‍ക്കും, നോവലുകള്‍ക്കും മറ്റൊരാള്‍ക്ക് രണ്ടാം ഭാഗം ഇറക്കാമല്ലോ?… എന്തായാലും എന്റെ മരണം വരെ ഇതിഹാസ എന്ന സിനിമയുടെ കഥ, തിരക്കഥ റൈറ്റ്‌സ്, രണ്ടാം ഭാഗത്തിനായി ഞാന്‍ മറ്റാര്‍ക്കും കൊടുക്കാന്‍ ഉദേശിക്കുന്നില്ല…

കഥ എഴുതി ഉണ്ടാക്കുന്ന കഥാകൃത്തിന് അതിനുള്ള സ്വാതന്ത്ര്യം ഈ ഇന്ത്യ മഹാരാജ്യത്തെ നിയമങ്ങളില്‍ ഉണ്ട് എന്നു തന്നെ ആണ് അധികാരപെട്ടവരുമായി ബന്ധപ്പെട്ടപ്പോള്‍ എനിക്കു അറിയാന്‍ കഴിഞ്ഞത്….

ഞാന്‍ ഒന്നിനും പോകില്ല എന്ന ചിലരുടെ തോന്നല്‍ ആകാം, അല്ലേല്‍ കഥ കയ്യില്‍ കിട്ടി കഴിഞ്ഞാല്‍ അത് രാപ്പകല്‍ ഉറക്കമൊഴിച്ചു എഴുതി ഉണ്ടാക്കിയവനെ ഒതുക്കുന്ന ചിലരുടെ ചിന്താഗതി ആകാം, അല്ലേല്‍ അവര്‍ എന്ത് ചെയ്താലും ഒരുത്തനും ചോദിച്ചു പോകരുത് എന്ന ചിലരുടെ ധാര്‍ഷ്ട്യം ആകാം ഇതിന് പിന്നില്‍.

അവര്‍ ചെയ്യുന്നത് ചോദ്യം ചെയ്താല്‍ മുന്‍കാലങ്ങളില്‍ പലര്‍ക്കും പറ്റിയത് പോലെ ഒരു സുപ്രഭാതത്തില്‍ സ്വന്തം സൃഷ്ടിയുടെ പിതൃത്വം മറ്റു പലരും ഏറ്റെടുത്ത ‘നീ എഴുതിയത് ശരിയല്ല’ എന്ന് പറഞ്ഞു അവന്‍ ആട്ടി ഓടിക്കപ്പെടും. അതും അല്ലേല്‍ എന്തേലും നക്കാപ്പിച്ച കൊടുത്ത ചതിച്ചു എഗ്രിമെന്റ് വാങ്ങും…

അവന്‍ നോക്കി നില്‍ക്കെ അവന്റെ സൃഷ്ടിക്കു പുതിയ ഗോഡ്ഫാദര്‍മാര്‍ വരും.. അവന്‍ സിനിമ എന്ന സ്വപ്നം മതിയാക്കി, ആര്‍ക്കും വേണ്ടാതെ ചിലര്‍ക്കു വളരാനുള്ള വളം മാത്രമായി, എവിടെ എങ്കിലും പോയി മറയും.. ഇനി ഒരു പുതിയ എഴുത്തുകാര്‍ക്കും ഇത് പോലെ ഒരവസ്ഥ ഉണ്ടാവാതിരിക്കാന്‍, എന്ത് തന്നെ വന്നാലും ഇനി നിയമനടപടിയുമായി സുപ്രീംകോടതി വരെ പോകേണ്ടി വന്നാലും ശരി, ഞാന്‍ എഴുതിയ ഇതിഹാസയുടെ റൈറ്റ്‌സ് ഒരു ഗോഡ്ഫാദര്‍മാര്‍ക്കും കൊടുക്കുന്നതല്ല എന്ന, എന്നെ ചതിക്കാന്‍ നോക്കുന്നവരോടായി ഞാന്‍ അറിയിക്കുന്നു….

മറ്റുള്ളവരെ നശിപ്പിച്ചു വളരാതെ, സ്വന്തം കഴിവ് കൊണ്ട് വളരൂ സുഹൃത്തേ…. ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വരും എന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല, ഒന്നും അറിയാതെ തന്റെ കഥയുമായി സിനിമയില്‍ വരുന്ന ഒരു പാവപ്പെട്ടവനും ഇനി ബലിയാടായിക്കുടാ എന്ന തോന്നലുണ്ടായിട്ടാണ് ഇപ്പോള്‍ ഈ ഗുരുവായൂരപ്പന്റെ മുന്നില്‍ നിന്നും ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്… ധര്‍മ്മം വിജയികട്ടെ..

Related posts