ജീവിതം മാറ്റി മറിച്ച പെറ്റിയും സെല്‍ഫിയും! ഹെല്‍മറ്റ് വയ്ക്കാതെ വണ്ടി ഓടിച്ച് പോലീസിന്റെ പിടിവീണതോടെ അല്‍ക്കു എന്ന പയ്യന്‍ ഇനി സിനിമാ നടന്‍

സെല്‍ഫിയെടുക്കുക എന്നത് യുവജനങ്ങള്‍ക്ക് ഇന്നൊരു ഹരമാണ്. ആവശ്യത്തിനും അനാവശ്യത്തിനും അവസരത്തിലും അനവസരത്തിലുമെല്ലാം സെല്‍ഫിയെടുക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്ന് പോലും പലപ്പോഴും തോന്നിപ്പോകും.

സമാനമായ രീതിയില്‍ ഹെല്‍മറ്റ് വയ്ക്കാതെ വാഹനമോടിച്ചതിന് പോലീസ് പിടിച്ച് പെറ്റിയടച്ചുകൊണ്ടിരിക്കെ, പോലീസുകാരനൊപ്പം സെല്‍ഫിയെടുത്ത ഒരു പയ്യന്റെ തലവര മാറിയതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

സംഭവമിങ്ങനെ…

അല്‍ക്കു എന്നാണ് നമ്മുടെ കഥാനായകന്റെ പേര്. പെറ്റി അടിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ ചേര്‍ത്ത് അല്‍ക്കു പകര്‍ത്തിയ സെല്‍ഫി സമൂഹമാധ്യമ ലോകത്ത് തരംഗമായിരുന്നു. ഓട്ടോ ഡ്രൈവറായി എറണാകുളത്ത് ജോലി ചെയ്യുന്ന അല്‍ക്കുവിന്റെ ജീവിതം അതോടെ മാറി മറിഞ്ഞു. ഇപ്പോഴിതാ അല്‍ക്കു സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുന്നു. എല്ലാം ആ ഒരു സെല്‍ഫി കാരണവും. സെല്‍ഫി വൈറലായതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിന്ന് അല്‍ക്കുവിന് ഓഫറുകള്‍ എത്തുകയായിരുന്നു.

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രം സകലകലാശാലയിലാണ് രസകരമായ, സരസമായ കഥാപാത്രത്തെ അല്‍ക്കു അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ബിടെക് വിദ്യാര്‍ഥിയായാകും അല്‍ക്കു എത്തുക. സുജിത്ത് വാസുദേവ് ചിത്രം ഓട്ടര്‍ഷയിലും ചെറിയൊരു വേഷത്തില്‍ അല്‍ക്കു എത്തിയിരുന്നു.

മലയാളത്തിലെ പ്രമുഖ താര നിരയോടൊപ്പം 45 ഓളം പുതുമുഖങ്ങളും അണിനിരക്കുന്ന സകലകലാശാല ജനുവരി 11നാണ് റിലീസിനെത്തുക.

Related posts