ആ വീഡിയോയില്‍ കണ്ടത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതല്ല! ആലപ്പുഴയില്‍ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന ദൃശ്യം കൊച്ചുമക്കളുടെ മൊബൈലില്‍ എന്ന രീതിയില്‍ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍

സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായ ഒരു വീഡിയോയാണ് രണ്ട് കുട്ടികള്‍ സെല്‍ഫിയെടുത്ത് കളിക്കുന്നതിനിടെ അവരുടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്നത്. ആലപ്പുഴ സ്വദേശിനിയായ സ്ത്രീ കിണറ്റില്‍ വീണ് അപകടത്തില്‍പ്പെട്ടു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചിരുന്നത്. എന്നാല്‍ ആ വീഡിയോയുമായി ബന്ധപ്പെട്ടുള്ള പുതിയ അറിയിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ  വിഡിയോദൃശ്യം അപകടമല്ലെന്നും തന്റെ സിനിമയുടെ പ്രചാരണാര്‍ഥം ചിത്രീകരിച്ചതാണെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍. തന്റെ പുതിയ ചിത്രം കൈകാര്യം ചെയ്യുന്നത് വാര്‍ത്തകള്‍ മാറിമറിയുന്നതിനെക്കുറിച്ചാണ്.

സിനിമക്കു മുന്‍പ് അതില്‍ പറയുന്ന വിഷയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുവാനും ഇത്തരം പ്രവണതയ്‌ക്കെതിരെയുള്ള സമരമെന്ന നിലയ്ക്കുമാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും സംവിധായകന്‍ പറഞ്ഞു. ദൃശ്യങ്ങളില്‍ കിണറ്റില്‍ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച ഷൊര്‍ണൂര്‍ കൂനത്തറ സ്വദേശിനി രാജലക്ഷ്മി അമ്മയുമായി എത്തിയാണ് ഇദേഹം മാധ്യമങ്ങളെ കണ്ടത്.

 

Related posts