തിരുവനന്തപുരം: പ്രതികൂലമായ കാലവസ്ഥയെ മറികടന്ന് റിക്കാർഡുകളുടെ കുത്തൊഴുക്കിന് സാക്ഷ്യമായി ചന്ദ്രശേഖരൻനായർ സ്റ്റേഡിയം. സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിൽ ട്രാക്കിലും ഫീൽഡിലും താരങ്ങൾ മിന്നൽ പ്രകടനം നടത്തിയപ്പോൾ തിരുത്തപ്പെട്ടത് ഏഴു റിക്കാർഡുകൾ. ആദ്യ ദിനത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ജില്ലാ തലത്തിൽ പാലക്കാടിന്റെ കുത്തിപ്പാണ്. 77 പോയിന്റുമായി പാലക്കാട് പട്ടികയിൽ ഒന്നാമത് നില്ക്കുന്പോൾ 74 പോയിന്റോടെ കോട്ടയം രണ്ടാമതും ആതിഥേയരായ തിരുവനന്തപുരം 66 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
ഒന്നാം ദിനം ഏഴു റിക്കാർഡ്
ഒന്നാം ദിനം കുറിക്കപ്പെട്ട ഏഴു റിക്കാർഡുകളിൽ നാലെണ്ണം പുരുഷൻമാരും മൂന്നെണ്ണം വനിതകളും സ്വന്തമാക്കി. പുരുഷൻമാരുടെ 110 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരത്തിന്റെ സി. മുഹമ്മദ് ഫായിസ് (14.28 സെക്കൻഡ്), ലോംഗ് ജംപിൽ എറണാകുളത്തിന്റെ സി.വി. അനുരാഗ് ( 7.87 മീറ്റർ), പോൾവോൾട്ടിൽ കണ്ണൂരിന്റെ കെ.ജി. ജസൻ (4.91 മീറ്റർ) 4X100 റിലേയിൽ പാലക്കാട്(41.30 സെക്കൻഡ്) എന്നിവരാണ് പുതിയ റിക്കാർഡിന് അർഹരായത്.
വനിതകളുടെ 10,000 മീറ്ററിൽ പാലക്കാടിന്റെ റീബാ ആൻ ജോർജ് (36 മിനിറ്റ് 51.30 സെക്കൻഡ്), പോൾ വോൾട്ടിൽ വയനാടിന്റെ മരിയാ ജെയ്സണ് (4.05 മീറ്റർ), ഷോട്ട് പുട്ടിൽ കാസർഗോഡിന്റെ വി.എസ്. അനുപ്രിയ (13.26 മീറ്റർ) എന്നിവരും റിക്കാർഡ് ബുക്കിൽ പേര് കുറിപ്പിച്ചു.
വേഗ താരങ്ങളായി ജിഷ്ണുവും ആർദ്രയും
സംസ്ഥാനത്തെ വേഗമേറിയ പുരുഷതാരമായി പാലക്കാടിന്റെ പി.കെ. ജിഷ്ണുപ്രസാദും വനിതാ താരമായി കൊല്ലത്തിന്റെ കെ. ആർദ്രയും ഓടിയെത്തി. ആവേശം വാനോളമുയർന്നു. പുരുഷൻമാരുടെ 100 മീറ്ററിൽ 10.68 സെക്കൻഡിൽ ഫിനിഷ് ചെയാതാണ് ജിഷ്ണു വേഗതാരമായത്.
പാലക്കാടിന്റെതന്നെ ആർ. അജിൻ (10.69 ) രണ്ടാമതും തിരുവനന്തപുരത്തിന്റെ ഡി.ബി. ബിബിൻ (10.71) മൂന്നാമതുമെത്തി. വനിതാവിഭാഗത്തിൽ 11.87 സെക്കൻഡിലാണ് കെ. ആർദ്ര സ്വർണത്തിന് അവകാശിയായത്. ഇടുക്കിയുടെ എ. ആരതി (12.09) വെള്ളിയും തിരുവനന്തപുരത്തിന്റെ എ.പി. ഷിൽബി (12.10) വെങ്കലവും സ്വന്തമാക്കി.
തോമസ് വർഗീസ്