വിദേശ വനിതകളെ ഉപയോഗിച്ച് അശ്ലീലചാറ്റില്‍ കുടുക്കിബ്ലാക്ക്‌മെയ്‌ലിംഗ്; വിദ്യാര്‍ഥികളെ മോഷ്ടാക്കളാക്കുന്ന സെക്‌സ് റാക്കറ്റ് സജീവം; പരാതി നല്‍കാന്‍ മടിച്ച് രക്ഷിതാക്കള്‍

chatബാബു ചെറിയാന്‍

കോഴിക്കോട്: വിദേശ വനിതകളെ ഉപയോഗിച്ച് അശ്ലീലചാറ്റില്‍ കുടുക്കി ബ്ലാക്ക്‌മെയിലിംഗിലൂടെ വിദ്യാര്‍ഥികളില്‍നിന്നു പണം തട്ടുന്ന സെക്‌സ് റാക്കറ്റ് കേരളത്തില്‍ സജീവമാകുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 80ല്‍പരം കേസുകളില്‍ കോഴിക്കോട്-മലപ്പുറം ജില്ലകളിലെ പത്തോളം പേര്‍ക്കും, കൊച്ചിയിലെ പതിനഞ്ചോളം വിദ്യാര്‍ഥികള്‍ക്കും പണം നഷ്ടപ്പെട്ടു. ഏതാണ്ടെല്ലാ ജില്ലകളിലുമുള്ളവര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

ബ്ലാക്ക്‌മെയിലിംഗിനു വഴങ്ങി രക്ഷിതാക്കളുടെ പണവും, ആഭരണവും മോഷ്ടിച്ച് മാനസികവിഭ്രാന്തിയില്‍പ്പെട്ട നിരവധി വിദ്യാര്‍ഥികള്‍ ഇപ്പോള്‍ കൗണ്‍സിലിംഗിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. മാനഹാനി ഭയന്ന് ആരും പോലീസില്‍ പരാതിപ്പെടാത്തത് മുതലെടുത്ത ഹൈദരാബാദ് കേന്ദ്രീകരിച്ച സെക്‌സ് റാക്കറ്റ് കൂടുതല്‍പേരെ ഇരയാക്കിക്കൊണ്ടിരിക്കുന്നു. സൈബര്‍ കുറ്റാന്വേഷണ വിദഗ്ദ ധന്യ മേനോന്‍ നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്ത് അടുത്ത കാലത്തായി നടന്ന എണ്‍പതില്‍പരം ബ്ലാക്ക്‌മെയിലിംഗ് തട്ടിപ്പുകളെക്കുറിച്ച വിശദാംശങ്ങള്‍ ലഭിച്ചത്. കൗമാരക്കാരായ ആണ്‍കുട്ടികളെയാണ് സംഘം വലയില്‍ വീഴ്ത്തുന്നത്.

ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം നോക്കിയാണ് സംഘം ഇരകളെ കണ്ടെത്തുന്നതെന്ന് ധന്യ മേനോന്‍ ‘ദീപികയോടു’ പറഞ്ഞു. ആഡംബര വീടുകളുടെയോ, വിലകൂടിയ കാറുകളുടേയോ പശ്ചാത്തലത്തില്‍ പ്രൊഫൈല്‍ ചിത്രം പോസ്റ്റ് ചെയ്തവരാണ് ഇതുവരെ കുടുങ്ങിയവരില്‍ അധികവും. എസ്എസ്എല്‍സിയോ, പ്ലസ് ടുവോ പാസാകുന്ന വിദ്യാര്‍ഥികളുടെ ഫേസ്ബുക്ക് പേജില്‍ വിദേശ യുവതികളുടെ അക്കൗണ്ടില്‍നിന്ന് അഭിനന്ദന സന്ദേശം അയക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. തുടര്‍ന്നങ്ങോട്ട് ചാറ്റിംഗ് ആരംഭിക്കും.

കുടുംബ പശ്ചാത്തലവും, സാമ്പത്തികസ്ഥിതിയുമെല്ലാം ചാറ്റിംഗിലൂടെ മനസ്സിലാക്കും. പിന്നീട് സെക്‌സ് വിഷയങ്ങളും നഗ്നചിത്രങ്ങളും പരസ്പരം കൈമാറും. യുവതികള്‍ തന്നെയാണ് ഇതിനെല്ലാം തുടക്കമിടുക. യുവതിയുടേതെന്ന പേരില്‍ നഗ്നചിത്രം അയച്ചശേഷം വിദ്യാര്‍ഥിയുടെ സമാനരീതിയിലുള്ള ചിത്രം ആവശ്യപ്പെടും. ചിത്രം അയച്ചു കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കകം ഭീഷണി സന്ദേശമെത്തും.

ആവശ്യപ്പെടുന്ന പണം പറയുന്ന അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെങ്കില്‍ മുന്‍പയച്ച  അശ്ലീല സന്ദേശങ്ങളും, നഗ്നചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തി, രക്ഷിതാക്കളുടെ ഫേസ്ബുക്ക് പേജില്‍ ടാഗ് ചെയ്യുമെന്നാവും ഭീഷണി. മറ്റ് ഗത്യന്തരമില്ലാതെ വിദ്യാര്‍ഥികള്‍ സ്വന്തം വീടുകളില്‍നിന്ന് മോഷ്ടിക്കാന്‍ നിര്‍ബന്ധിതരാകും. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എണ്‍പതിലധികം കേസുകളിലും ഒരേ രീതിയാലാണ് ബ്ലാക്ക്‌മെയിലിംഗ് നടന്നതെന്ന് ധന്യ മേനോന്‍ പറഞ്ഞു.

മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ മലപ്പുറം ജില്ലയിലെ ഒരു വിദ്യാര്‍ഥി ചതിയില്‍പ്പെട്ട് അടുത്തിടെ വീട്ടില്‍നിന്ന് ഒളിച്ചോടി. മംഗലാപുരത്തുനിന്ന് വീണ്ടെടുത്ത  കുട്ടിയെ വീട്ടുകാര്‍ കൗണ്‍സിലിംഗിന് വിധേയമാക്കി. വീട്ടില്‍നിന്നു ഇനി മോഷ്ടിക്കാന്‍ ഒന്നുമില്ലാത്തതിനാല്‍ റാക്കറ്റിനെ ഭയന്ന് നാടുവിട്ടതാണെന്ന് കുട്ടി കൗണ്‍സിലിംഗില്‍ വെളിപ്പെടുത്തി. മാനഹാനി ഭയന്ന് പോലീസില്‍ പരാതിപ്പെടാന്‍ രക്ഷിതാക്കള്‍ തയാറായില്ല. എറണാകുളത്തെ അധ്യാപകന്റെ മകന്‍ പിതാവിന്റെ പഴ്‌സില്‍നിന്ന് നിരന്തരം പണം മോഷ്ടിച്ചതിനു പുറമെ, അമ്മയുടെ സ്വര്‍ണ്ണ വളകളും കവര്‍ന്നു. വീട്ടുവേലക്കാരിയെയാണ് ആദ്യം സംശയിച്ചത്. ഒടുവില്‍, എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ ജ്യേഷ്ഠന്റെ ബൈക്ക് മോഷ്ടിച്ച് വിറ്റു.

ഈ സംഭവത്തില്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ “കപ്പലിലെ കള്ളനെ’ കൈയോടെ പിടികൂടിയെങ്കിലും വീട്ടുകാരുടെ സമ്മര്‍ദ്ദം മൂലം പോലീസ് കേസെടുത്തില്ല.
ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ബ്ലാക്ക്‌മെയിലിംഗ് തട്ടിപ്പ് നടക്കുന്നുണ്ടെങ്കിലും പൂനെയില്‍ മാത്രമാണ് ഒരേയൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2016 ജനുവരിയില്‍ രണ്ട് ഒന്നാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ സെക്‌സ് റാക്കറ്റിലെ മൂന്നു പേര്‍ പിടിയിലായി. പത്താം ക്ലാസ് മുതല്‍ ചെറിയ ചെറിയ തുക ആവശ്യപ്പെട്ടിരുന്ന റാക്കറ്റ്, ഒറ്റയടിക്ക് 30,000 രൂപ ആവശ്യപ്പെട്ടതാണ് ആത്മഹത്യയ്ക്ക് കാരണമായത്.

മറ്റൊരു വിദ്യാര്‍ഥിയുടെ ബൈക്ക് മോഷ്ടിച്ചുവിറ്റ കേസില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ. ജീവനൊടുക്കിയ കൂട്ടുകാരനും റാക്കറ്റിന്റെ ഇരയാണ്. കേസില്‍ രണ്ട് ഹൈദരാബാദ് സ്വദേശികളെയും, ഒരു റഷ്യന്‍  യുവതിയേയും പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. വിദ്യാര്‍ഥികളുമായി ചാറ്റിംഗ് നടത്തുന്നതിനാണ് യുവതിയെ കനത്ത ശമ്പളത്തില്‍ ജോലിക്കുവച്ചത്.

Related posts