സ്വര്‍ണമാല കടം വാങ്ങി ! തിരികെ ചോദിച്ചപ്പോള്‍ നല്‍കിയത് മുക്കുപണ്ടം ! എസ്എഫ്‌ഐ നേതാവിനെതിരേ പോലീസില്‍ പരാതി നല്‍കി ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിനി…

സ്വര്‍ണമാല കടംവാങ്ങിയ ശേഷം കോളജ് വിദ്യാര്‍ഥിനിയ്ക്ക് മുക്കുപണ്ടം തിരികെ നല്‍കിയ എസ്എഫ്‌ഐ പ്രാദേശിക നേതാവിനെതിരെ കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. കോട്ടയം നഗരത്തിലെ പ്രമുഖ കോളജിലെ വിദ്യാര്‍ഥിനിയാണ് തട്ടിപ്പിന് ഇരയായത്. കോളജ് അധികൃതര്‍ ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ..കാന്‍സര്‍ രോഗിക്കു സഹായം നല്‍കാന്‍ എന്ന വ്യാജേനയാണ് പ്രാദേശിക നേതാവ് പെണ്‍കുട്ടിയില്‍നിന്നു കഴിഞ്ഞ ഒക്ടോബറില്‍ മാല കടമായി വാങ്ങിയത്.

രണ്ടാഴ്ചയ്ക്കകം തിരിച്ചു നല്‍കാമെന്ന ഉറപ്പിന്മേലായിരുന്നു ഇത്. എന്നാല്‍ സമയപരിധി കഴിഞ്ഞ് പെണ്‍കുട്ടി മാല ചോദിച്ച് ഒട്ടേറെത്തവണ വിളിച്ചെങ്കിലും ഇയാള്‍ ഫോണ്‍ എടുക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് അടുത്തിടെ പെണ്‍കുട്ടിയെ കണ്ട ഇയാള്‍ സ്വര്‍ണമാലയ്ക്കു പകരം മുക്കുപണ്ടം നല്‍കുകയായിരുന്നു.

മാല തിരിച്ചു നല്‍കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ മൊബൈലിലും ചിത്രീകരിച്ചു. എന്നാല്‍ മാലയ്ക്കു പതിവിലും തിളക്കം തോന്നുന്നതായി സംശയിച്ച വിദ്യാര്‍ഥിനി സ്വര്‍ണക്കടയില്‍ മാല പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം പുറത്തറിയുന്നത്. ലക്ഷദ്വീപ് സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ലക്ഷദ്വീപ് അഡ്മിന്‌സ്‌ട്രേഷന്‍ ഇടപെട്ടതോടെയാണ് കോളജ് അധികൃതര്‍ പൊലീസില്‍ പരാതിപ്പെട്ടത്.

ഇതിനിടെ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്താനും അനുനയിപ്പിച്ചു പരാതി പിന്‍വലിപ്പിക്കാനും എസ്എഫ്‌ഐ ശ്രമം നടത്തിയതായും ആരോപണമുണ്ട്. കോളജ് അധികൃതരുടെ സംരക്ഷണത്തിലാണ് പരാതിക്കാരി. കഴിഞ്ഞ മാസം കോളജിലെ വിദ്യാര്‍ഥികളെ മര്‍ദിച്ച കേസിലും ഇയാള്‍ പ്രതിയാണ്. അധികൃതരുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ കേസെടുത്തോ എന്ന വിവരം ലഭ്യമല്ല.

കോളജിലെ പല വിദ്യാര്‍ഥികളും മുന്‍പ് സമാന രീതിയിലുള്ള തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തെപ്പറ്റി യാതൊരു വിവരവുമില്ലെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

Related posts

Leave a Comment