മകന്റെ വേര്‍പാടോടെ അവളും മക്കളും ഞങ്ങള്‍ക്കൊപ്പമായിരുന്നു, മാനസികമായി തളര്‍ന്ന അവളെ ഏറെ പണിപ്പെട്ടാണ് സാധാരണ നിലയില്‍ തിരിച്ചുകൊണ്ടുവന്നത്, ഏഴുവയസുകാരന്റെ മുത്തശിക്ക് മരുമകളെക്കുറിച്ച് പറയാനുള്ളത് നല്ലതുമാത്രം

തൊടുപുഴ കുമാരമംഗലത്ത് അമ്മയുടെ കാമുകനായ അരുണ്‍ ആനന്ദിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ ഏഴുവയസുകാരന്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിക്കായി കേരളം മുഴുവന്‍ പ്രാര്‍ഥിക്കുമ്പോള്‍ എല്ലാവരും കുറ്റപ്പെടുത്തുന്നത് ഭര്‍ത്താവിന്റെ മരണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കാമുകനൊപ്പം പോയ ആ അമ്മയെയാണ്. യുവതിയുടെ ഭര്‍ത്താവായ ബിജുവിന്റെ മരണത്തില്‍ ഉള്‍പ്പെടെ ദുരൂഹത ഉയര്‍ന്നിരിക്കുകയാണ്. അവസരത്തില്‍ ചില തുറന്നുപറച്ചിലുകള്‍ നടത്തുകയാണ് യുവതിയുടെ ഭര്‍തൃമാതാവ്.

ഇത്രയൊക്കെയാണെങ്കിലും മരുമകളെക്കുറിച്ച് ആ അമ്മയ്ക്കും നല്ല അഭിപ്രായമായിരുന്നു. പഠനത്തില്‍ മിടുക്കിയും സല്‍സ്വഭാവിയുമായിരുന്ന തന്റെ മരുമകള്‍. ഭര്‍ത്താവിനെയും കുട്ടികളെയും സ്‌നേഹമായിരുന്നു. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷമാണ് ആദ്യത്തെ മോന്‍ ജനിച്ചത്. കുഞ്ഞുങ്ങളുണ്ടാകാന്‍ ചികിത്സ നടത്തിയിരുന്നു. മോന്‍ അവള്‍ക്കു പൊന്നുപോലെയായിരുന്നു. 2 വയസുവരെ പാല്‍ കൊടുത്തിരുന്നു. ഒരു നേരം പോലും കുഞ്ഞിനെ പിരിഞ്ഞിരിക്കാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നില്ല.

അധ്യാപികയായി തന്റെയൊപ്പം ജോലി ചെയ്ത ടീച്ചറിന്റെ മകളാണ് അവള്‍. ടീച്ചര്‍ക്കൊപ്പം വീട്ടില്‍ വന്നിട്ടുള്ള അവളെ എന്റെ മകന് ഇഷ്ടമായി. അങ്ങനെയാണ് ആട്ടോ മൊബൈല്‍ എന്‍ജിനീയറിംഗ് കഴിഞ്ഞ് ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്ന മകനുമായി അവളുടെ വിവാഹം നടത്തിയത്. വിവാഹശേഷം ആട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പ് നടത്താനായി ഉടുമ്പന്നൂരിലേക്ക് പോയ അവര്‍ അവിടെ താമസമാക്കി. കഴിഞ്ഞ വര്‍ഷം മേയ് 23നായിരുന്നു മകന്റെ മരണം.

ഹൃദയാഘാതമായിരുന്നു മരണ കാരണം. എന്റെ മകന്‍ നല്ലവനായിരുന്നു. മകന്റെ വേര്‍പാടോടെ അവളും മക്കളും ഞങ്ങള്‍ക്കൊപ്പമായിരുന്നു. മാനസികമായി തളര്‍ന്ന അവളെ ഏറെ പണിപ്പെട്ടാണ് സാധാരണ നിലയില്‍ തിരിച്ചുകൊണ്ടുവന്നത്. മകന്‍ മരണപ്പെട്ടെങ്കിലും ചെറുമക്കളുമായി ഭര്‍ത്താവിന്റെ ഓര്‍മ്മകളുറങ്ങുന്ന വീട്ടില്‍ കഴിയാന്‍ അവളോട് അപേക്ഷിച്ചു. പോസ്റ്റുമാസ്റ്ററായി വിരമിച്ച ഭര്‍ത്താവിന്റെയും തന്റെയും പെന്‍ഷനും വിദേശത്ത് ഡോക്ടറായ മകളുടെ സഹായവും ഉറപ്പ് നല്‍കി.

മകന്റെ മരണം കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും അരുണ്‍ ആനന്ദിനൊപ്പം ജീവിക്കാന്‍ അവള്‍ ആഗ്രഹം പ്രകടിപ്പിച്ചു. ലോകത്ത് ആരെ വേണമെങ്കിലും നീ വിവാഹം ചെയ്‌തോ, അവന്റെ കൂടെ പോകരുതെന്ന് അന്നേ ഉപദേശിച്ചതാണ്. വിവാഹബന്ധം വേര്‍പെടുത്തി മറ്റൊരു സ്ത്രീയുമായി അടുപ്പത്തില്‍ കഴിയുന്ന അവനുമായുള്ള ജീവിതം ശരിയാകില്ലെന്ന് ഉപദേശിച്ചു. എന്നാല്‍ അതൊന്നും കൂസാതെ അരുണുമൊത്ത് ജീവിതം മോഹിച്ച് നാടുവിടുകയായിരുന്നു അവള്‍. തന്റെ മകന്റെ മരണത്തില്‍ ഇപ്പോള്‍ സംശയമുണ്ടെന്നും കുട്ടികളുടെ മുത്തശി പറയുന്നു.

മലയാളത്തിലെ പ്രശസ്ത സംവിധായകന്റെ മകളാണ് അരുണിന്റെ കാമുകിയായ യുവതി. വിനീതും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മഴവില്ല് സിനിമ സംവിധാനം ചെയ്തത് ഈ യുവതിയുടെ പിതാവായിരുന്നു. പിന്നീട് കന്നട സിനിമയിലേക്ക് കൂടുമാറിയ ഇയാള്‍ അധ്യാപികയായ യുവതിയുടെ അമ്മയെ ഡൈവോഴ്‌സ് ചെയ്തിരുന്നു. എങ്കിലും ഇപ്പോഴും കുടുംബവുമായുള്ള ബന്ധം തുടരുന്നുണ്ട്.

Related posts