കൊല്ലം . തേവലക്കര സ്കൂളിലെ വിദ്യാർഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സി പി എമ്മിന്റെ മുഖം രക്ഷിക്കാൻ ഓവര്‍സിയറെ കെഎസ്ഇബി സസ്പെന്‍ഡ് ചെയ്തു.സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിയന്ത്രണത്തിലായിരുന്ന സ്കൂൾ ഭരണത്തിൽ ഗുരുതര വീഴ്ച ഉണ്ടായെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ നടപടി. വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ടു വീഴ്ച വരുത്തിയ തേവലക്കര സെക്ഷന്‍ ഓവര്‍സിയര്‍ എസ്. ബിജുവിനെയാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ രക്ഷക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
കൊല്ലം ഇലക്ട്രിക്കൽ സര്‍ക്കിള്‍ ചീഫ് എൻജിനിയറുടെ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നു സസ്പെന്ഷന് ഉത്തരവില്‍ കെഎസ്ഇബി വ്യക്തമാക്കുന്നുണ്ട്. ബിജുവിന്റെ ഭാഗത്ത് അക്ഷന്ത്യവമായ തെറ്റ് സംഭവിച്ചുവെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. തേവലക്കര സ്കൂളില്‍ പട്രോളിംഗ് നടത്തിയിട്ടും ശരിയായ വിവരം ധരിപ്പിക്കുന്നതില്‍ ബിജു പരാജയപ്പെട്ടതായും പറഞ്ഞിട്ടുണ്ട്.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി എസ്. ബിജുവിനെതിരേ അച്ചടക്കനടപടി സ്വീകരിക്കാനും കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനിയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരത്തേ മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ചീഫ് സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി തള്ളുകയാണ് ഉണ്ടായത്.
അതേസമയം, മിഥുന്റെ കുടുംബത്തിന് സർക്കാരും വിവിധ സംഘടനകളുമായി ഇതുവരെ 38 ലക്ഷം രൂപ നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പത്ത് ലക്ഷം രൂപയും അടിയന്തര ധനസഹായമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പിഡി അക്കൗണ്ടില്‍ നിന്നും നൽകിയ മൂന്ന് ലക്ഷം രൂപയും കെഎസ്ഇബിയുടെ അഞ്ച് ലക്ഷം രൂപ ധനസഹായവും സ്കൂള്‍ മാനേജ്മെനന്റും അധ്യാപക സംഘടനയായ കെ എസ് ടി എയും പത്ത് ലക്ഷം രൂപ വീതവുമാണ് ആണ് സഹായം പ്രഖ്യാപിച്ചിട്ടുള്ളത്.നൽകുക.
- അജി വള്ളിക്കീഴ്