തന്റെ അംഗരക്ഷകയെ രാജ്യത്തിന്റെ രണ്ടാമത്തെ രാജ്ഞിയായി അവരോധിച്ചു തായ് രാജാവ് ചരിത്രംകുറിച്ചു!
അറുപത്തെട്ടുകാരനായ വാജിരാലോംഗ്കോണ് രാജാവ് കഴിഞ്ഞ 26നാണ് സിനിയറ്റിനെ രാജ്ഞിയായി വാഴിച്ചത്.
സിനിയറ്റിന് അതു ജന്മദിന സമ്മാനമായി. അന്നാണ് അവൾക്കു 36 തികഞ്ഞത്. അന്നേദിവസം ഇളം നീല വസ്ത്രങ്ങളണിഞ്ഞ് ഇരുവരും ബാങ്കോക്കിൽ നടന്ന ബുദ്ധമത ആഘോഷത്തിലും പങ്കുകൊണ്ടു.
ഇരുവരും ചേർന്നു നദികളിൽ മത്സ്യങ്ങളെ നിക്ഷേപിച്ചു. ആകാശങ്ങളിലേക്കു പ്രാവുകളെ പറത്തി. ദന്പതികളുടെ രാജകീയ ആഘോഷം കൊട്ടാരം ചെലവിൽ പൊടിപൊടിച്ചു.
തിരിച്ചുവരവ്
ആരെയും അതിശയിപ്പിക്കുന്ന സിനിയറ്റിന്റെ തിരിച്ചുവരവിനാണ് ബാങ്കോക്കിലെ രാജകീയസൗധം സാക്ഷ്യംവഹിച്ചത്. കഴിഞ്ഞ ജൂലൈയിൽ രാജാവിന്റെ അറുപത്തേഴാം പിറന്നാളിനാണ് സിനിയറ്റിനു രാജകീയസഹകാരിയെന്ന ബഹുമതി സമ്മാനിക്കപ്പെട്ടത്.
തായ് രാജവംശത്തിന്റെ കഴിഞ്ഞ നൂറു വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാജകീയ സഹകാരി നിയമിക്കപ്പെടുന്നത്.
സിനിയറ്റിനെ രാജകീയ സഹകാരിയായി നിയോഗിച്ചു മൂന്നു മാസം തികയും മുന്പ് കഴിഞ്ഞ ഒക്ടോബറിൽ ആ നിയമനം റദ്ദാക്കി രാജാവ് ഉത്തരവിറക്കി.
രണ്ടു വർഷം മുന്പ് ഒന്നാം രാജ്ഞി സുതിഡയുടെ കിരീടധാരണം തടയാൻ ശ്രമിച്ചു എന്നതായിരുന്നു കുറ്റം. അന്നു ജയിൽവാസം വിധിച്ചിരുന്നു.
തെറ്റായ രീതിയിൽ പെരുമാറി എന്നതായിരുന്നു രാജാവിന്റെ കണ്ടെത്തൽ. പക്ഷേ, ആ ഉദ്യമത്തിൽ അവൾ പരാജയപ്പെട്ടു. രാജ്ഞിയെ അപഹസിച്ചതിനു സിനിവാറ്റിനു കൊട്ടാരത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടു.
സിനിയറ്റിൽ നിന്നും അത്തരം മോശം പ്രവൃത്തികൾ ഉണ്ടായിട്ടില്ലെന്നും അവൾ കളങ്കപ്പെട്ടിട്ടില്ലെന്നും 2020 ഓഗസ്റ്റിൽ രാജകീയ ഗസറ്റ് പുറത്തിറങ്ങി. അവളുടെ അധികാരങ്ങളും പദവികളും മറ്റും പുനഃസ്ഥാപിച്ചതായും അതിൽ സൂചനകളുണ്ടായി.
ചോർന്ന സെൽഫികൾ
കഴിഞ്ഞമാസം സിനിയറ്റിന്റെ ചില അർധനഗ്ന സെൽഫികൾ ഓണ്ലൈനിൽ ലീക്കായതു വിവാദമായിരുന്നു. അതു സംബന്ധിച്ച കേസ് ഇപ്പോഴും കോടതിയിൽ തുടരുകയാണ്. 1,400 സെൽഫികളാണ് അന്നു പുറത്തായത്.
2019 ഓഗസ്റ്റിൽ ഒന്നാം രാഞ്ജിക്കെതിരേ പ്രവർത്തിച്ചതിനു സിനിയറ്റ് അറസ്റ്റിലായപ്പോൾ അവളുടെ ഫോണിൽനിന്നു ഹാക്ക് ചെയ്ത ദൃശ്യങ്ങൾ എന്ന പേരിലാണ് കഴിഞ്ഞ ഓഗസ്റ്റിൽ പ്രേഷിതന്റെ വിലാസം വയ്ക്കാത്ത കവറിൽ ചിത്രങ്ങൾ ചില മാധ്യമങ്ങൾക്കു ലഭിച്ചത്. ഒന്നാം രാജ്ഞിയുടെ അനുചര വൃന്ദമാവാം അതു ചോർത്തിയതെന്നും ഉൗഹാപോഹങ്ങളുണ്ട്.
ചിത്രങ്ങളിൽ നിറഞ്ഞ്
മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ടുകളിലെ താരമായിരുന്നു സിനിയറ്റ്. തായ്ലൻഡിലും വിദേശത്തും സിനിയറ്റ് പൈലറ്റായി പരിശീലനം നേടിയിട്ടുണ്ട്. രാജാവിന്റെ റോയൽ ബോഡിഗാർഡ് യൂണിറ്റിൽ ജോലി ചെയ്തിരുന്നു. 2019 ൽ സിനിയറ്റിനു മേജർ ജനറൽ റാങ്ക് ലഭിച്ചു.
യുദ്ധവിമാനങ്ങൾ പറത്തിയും സ്കൈ ഡൈവിംഗ് നടത്തിയും നായാട്ടിലേർപ്പെട്ടും രാജാവിനൊപ്പം കൈകോർത്തു നിൽക്കുന്ന സിനിയറ്റിന്റെ ചിത്രങ്ങൾ തായ് മാധ്യമങ്ങൾക്ക് ആഘോഷമായി.
രാജ്ഞിക്കും രാജകീയ സഹകാരിക്കുമൊപ്പം വാഹനത്തിൽ ബാങ്കോക്കിലെ ഗോൾഫ് ക്ലബിൽ സഞ്ചരിക്കുന്ന രാജാവിന്റെ ചിത്രങ്ങൾ തായ് ന്യൂസിൽ സുലഭം.
നാലു കെട്ടിയ തായ്മന്നൻ!
2019 ലാണ് രാജാവ് തന്റെ നാലാമത്തെ വിവാഹത്തിലൂടെ സുതിഡയെ രാജ്ഞിയാക്കുന്നത്. മുൻപു നടന്ന മൂന്നു വിവാഹങ്ങളിലായി തായ് രാജാവിന് ഏഴു കുട്ടികളുണ്ട്.
സുതിഡ എയർ ഹോസ്റ്റസ് ആയിരുന്നു. കൊട്ടാരം സുരക്ഷാവിഭാഗത്തിൽ സീനിയർ ഓഫീസർമാർ ആയിരുന്നു സിനിയറ്റും സുതിഡയും.
ചോദ്യം ചെയ്തവർക്കുള്ള മറുപടി
രാജാധികാരവും രാജാവിന്റെ തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടാത്തതാണെന്ന കീഴ്വഴക്കങ്ങൾക്കെതിരേ അടുത്തിടെ കോവിഡ് ഭീതി വകവയ്ക്കാതെ ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു.
രാജാധികാരം ചോദ്യം ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് സിനിയറ്റിനെ തായ്ലൻഡിന്റെ രണ്ടാം രാഞ്ജിയായി അവരോധിച്ചതെന്ന കാര്യവും ശ്രദ്ധേയം.