വിനോദസഞ്ചാരികളെയും സ്വർണപ്രേമികളെയും ഒരുപോലെ ആകര്ഷിക്കാൻ തങ്ങളുടെ ലാൻഡ്മാർക്കുകളിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി കൂട്ടിച്ചേർക്കാൻ ഒരുങ്ങി ദുബായ്. ലോകത്തിലെ ഏറ്റവും നീളമേറിയതും ആദ്യത്തേതുമായ ’24 കാരറ്റ് സ്വർണ പാത’ ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിൽ തുറക്കുന്നു. ഈ വർഷം, 2026 അവസാനത്തോടെ, അതായത് അടുത്ത രണ്ട് മാസത്തിനുള്ളിൽ പൊതുജനങ്ങൾക്കായി ഇത് തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ദേരയിൽ സ്ഥിതി ചെയ്യുന്ന ‘ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിലാണ്’ നിർദ്ദിഷ്ട സുവർണ പാത വരുന്നത്. സന്ദർശകർക്ക് യഥാർഥത്തിൽ സ്വർണത്തിലൂടെ നടക്കാനുള്ള അപൂർവ്വ അനുഭവമായിരിക്കും ഇത് സമ്മാനിക്കുക. 2026 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച ഗോൾഡ് ഡിസ്ട്രിക്റ്റിൽ നിലവിൽ ആയിരത്തിലധികം ജ്വല്ലറികളും റീട്ടെയിൽ ഔട്ട്ലെറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഈ മേഖലയിൽ മൊത്തവ്യാപാര ഓഫീസുകളുടെ എണ്ണത്തിൽ 20% വർദ്ധനവാണ് ഈ വർഷം രേഖപ്പെടുത്തിയത്.
ഇതിനു പുറമെ, മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ സ്വർണ-ആഭരണ വ്യാപാര പ്രദർശനം സംഘടിപ്പിക്കാനും ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റ് ലക്ഷ്യമിടുന്നുണ്ട്. സ്വർണ പാതയുടെ പ്രഖ്യാപനത്തിനൊപ്പം മറ്റൊരു ചരിത്ര നേട്ടവും ദുബായ് ആഘോഷിക്കുകയാണ്. പ്രമുഖ ആഭരണ ബ്രാൻഡായ ജോയ്ആലുക്കാസ് നിർമ്മിച്ച ‘മയൂര സഹസ്ര’ എന്ന് പേരിട്ട പരമ്പരാഗത ഇൻഡ്യൻ ജുംക കമ്മലുകൾക്ക് രണ്ട് ഗിന്നസ് ലോക റിക്കാർഡുകൾ സ്വന്തമാക്കി.
16.514 കിലോഗ്രാം ഭാരവും 22 കാരറ്റ് മാറ്റുമുള്ള ഈ കമ്മലുകൾ ലോകത്തിലെ ഏറ്റവും ഭാരമേറിയതും വലുതുമായ കമ്മലുകളായാണ് ഗിന്നസ് പുസ്തകത്തിൽ ഇടംനേടിയത്. യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറിയുടെ സാന്നിധ്യത്തിൽ ഒക്ടോബർ 24ന് പുറത്തിറക്കിയ ഈ ഭീമൻ കമ്മലുകൾ പൊതുജനങ്ങൾക്കായി ദുബായിൽ സ്ഥിരമായി പ്രദർശിപ്പിക്കും.
