പുതിയ കാർ വാങ്ങിയതിന്റെ സന്തോഷത്തിൽ ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഭർത്താവ് ചെയ്ത ഒരു പ്രത്യേക പ്രവർത്തി സോഷ്യൽ മീഡിയയിൽ വൻ വിവാദത്തിന് വഴിതെളിച്ചു. പണം, ദാമ്പത്യബന്ധം, സ്ത്രീവിരുദ്ധത എന്നിവയെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് ഇത് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.
എക്സിൽ ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വൈറൽ വീഡിയോയിൽ, ഭർത്താവ് ഭാര്യയെ എടുത്തുയർത്തി അവരുടെ അൽത്ത അണിഞ്ഞ പാദങ്ങൾ പുതിയ കാറിന്റെ ബോണറ്റിൽ പതിപ്പിക്കുന്നതാണ് കാണാൻ കഴിയുക. പുതിയ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി വധു അൽത്ത ചാർത്തിയ കാൽപ്പാടുകൾ പതിപ്പിക്കുന്ന ‘ഗൃഹപ്രവേശം’ എന്ന പരമ്പരാഗത ആചാരത്തിന് സമാനമായിരുന്നു ഈ രീതി.
ഈ സ്നേഹപ്രകടനം പലരുടെയും മനം കവർന്നെങ്കിലും, വലിയൊരു വിഭാഗം ആളുകളിൽ നിന്ന് കടുത്ത വിമർശനവും ഉയർന്നു. “ഇതിന്റെ ഇഎംഐ അടയ്ക്കുന്നത് ഭാര്യയാണോ?” എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ പ്രധാന തർക്കവിഷയമായി മാറിയത്.
ഒരു ദമ്പതികളുടെ വ്യക്തിപരമായ സന്തോഷത്തെ സാമ്പത്തിക പങ്കാളിത്തത്തിലേക്ക് മാത്രം ചുരുക്കിക്കാണുന്ന ഇത്തരം ചിന്താഗതികൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയരുന്നുണ്ട്. കുടുംബത്തിൽ ഒരു സ്ത്രീയുടെ പങ്കും വിലയും എപ്പോഴും സാമ്പത്തിക വരുമാനം കൊണ്ടോ വായ്പാ തിരിച്ചടവ് കൊണ്ടോ മാത്രം അളക്കാൻ കഴിയില്ലെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ഈ പ്രവർത്തിക്ക് പിന്നിലെ സാംസ്കാരിക പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് നിരവധിയാളുകൾ പിന്തുണയുമായെത്തി. ലക്ഷ്മീദേവിയെ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായി കാണുന്ന വിശ്വാസമനുസരിച്ച്, ചുവന്ന കാൽപ്പാടുകൾ പുതിയ വാഹനത്തിലേക്ക് ഐശ്വര്യവും അനുഗ്രഹവും കൊണ്ടുവരുമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. കാറിന് ആര് പണം നൽകി എന്നതിനേക്കാൾ, തങ്ങളുടെ സന്തോഷകരമായ നിമിഷം പാരമ്പര്യപരമായ രീതിയിൽ ആഘോഷിക്കുക മാത്രമാണ് ആ ദമ്പതികൾ ചെയ്തതെന്നും ആളുകൾ കൂട്ടിച്ചേർക്കുന്നു.
എന്തായാലും, ഈ വൈറൽ വീഡിയോയെത്തുടർന്ന് സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന സങ്കുചിത ചിന്താഗതികളെക്കുറിച്ചും, ബന്ധങ്ങളിൽ അവരുടെ സാമ്പത്തിക പങ്കാളിത്തത്തെ മുൻനിർത്തി വിലയിരുത്തുന്ന രീതിയെക്കുറിച്ചുമുള്ള ചർച്ചകൾ ശക്തമായി തുടരുകയാണ്.


