യുഎന്‍എയിലെ വിഴുപ്പലക്കുകളില്‍ മനംമടുത്ത് സംഘടന വിടാനൊരുങ്ങി നേഴ്‌സുമാര്‍, അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപ വന്നിട്ടുണ്ടെന്നും എത്രരൂപ ബാക്കിയുണ്ടെന്ന് അറിയില്ലെന്നും ഭാരവാഹികള്‍, സംഘടനയിലെ പൊട്ടിത്തെറി പിളര്‍പ്പിലേക്ക്

യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പുകള്‍ പുതിയ തലത്തിലേക്ക്. സംഘടനയുടെ പേരില്‍ ഭാരവാഹികള്‍ ഫ്‌ളാറ്റുകളും വാഹനങ്ങളും സ്വന്തമാക്കിയെന്ന ആരോപണം യുഎന്‍എയില്‍ ഉള്ളവര്‍ തന്നെ ആരോപിച്ചതോടെ മറുആരോപണവുമായി ജാസ്മിന്‍ ഷാ വിഭാഗവും രംഗത്തെത്തി. ജാസ്മിന്‍ ഷാ സ്വന്തം ഭാര്യയുടെ പേരില്‍ വാങ്ങിയ കാറിന്റെ ഇഎംഐ അടയ്ക്കുന്നത് സംഘടനയാണെന്ന വെളിപ്പെടുത്തല്‍ നേഴ്‌സിംഗ് സമൂഹത്തില്‍ വലിയ ഞെട്ടലുളവാക്കിയിട്ടുണ്ട്.

സംഘടനയ്ക്ക് ഇന്ത്യയിലും വിദേശത്തും ജോലിചെയ്യുന്ന നേഴ്‌സുമാര്‍ സംഭാവനയായി നല്കുന്ന കോടിക്കണക്കിന് രൂപ പലവിധത്തില്‍ ഭാരവാഹികള്‍ സ്വന്തം കാര്യത്തിന് ചെലവഴിച്ചെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പ്രളദുരിതാശ്വാസത്തിനായി നേഴ്‌സുമാരില്‍ നിന്ന് പിരിച്ച 28 ലക്ഷം രൂപയും ഇപ്പോള്‍ കാണാനില്ലെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.

പ്രളയം കഴിഞ്ഞ മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇതുവരെ പണം നല്കാത്തതിന് കാരണമായി ജാസ്മിന്‍ ഷായും സംഘവും തെരഞ്ഞെടുപ്പ് കാരണമെന്നാണ്. എന്നാല്‍ മാര്‍ച്ച് എട്ടിന് മാത്രമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. പ്രളയം ഉണ്ടാകുന്നത് ഓഗസ്റ്റിലും. പ്രളയം കഴിഞ്ഞ മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇതുവരെ പണം നല്കിയില്ലെന്നു മാത്രമല്ല ആ പണം ഇപ്പോള്‍ യുഎന്‍എയുടെ അക്കൗണ്ടിലില്ലെന്നതും അംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Related posts