മകളുടെ വിവാഹം കാണാന്‍ തനിക്ക് ആയുസുണ്ടാകില്ലെന്നു മനസ്സിലാക്കിയ ആ അമ്മ ഒരു രഹസ്യ സമ്മാനം കരുതിവച്ചു; അമ്മ മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം ആ സമ്മാനം മകളെ തേടിയെത്തി; സമ്മാനപ്പൊതി തുറന്ന മകള്‍ കണ്ടത്…

മകളുടെ വിവാഹനാള്‍ വരെ താന്‍ ജീവിച്ചിരിക്കില്ലെന്ന് ആ അമ്മയ്ക്ക് ഉറപ്പായിരുന്നു. അതിനാല്‍ അവര്‍ മകള്‍ക്കായി ഒരു രഹസ്യസമ്മാനം തയ്യാറാക്കി. യുകെയിലാണ് സംഭവം. അമ്മ മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആ സര്‍പ്രൈസ് ഗിഫ്റ്റ് മകളെ തേടിയെത്തിയത്. അമ്പരപ്പോടെ ആ സമ്മാനപ്പൊതി തുറന്ന മകള്‍ കണ്ടത് ഒരു ജോഡി വിവാഹ ഷൂ ആണ്. അമ്മയ്ക്ക് തന്നോടു പറയാനുണ്ടായിരുന്ന കുറച്ചു കാര്യങ്ങള്‍ കൂടി അമ്മ ആ ഷൂവിന്റെ സോളില്‍ കുറിച്ചിരുന്നുവെന്നും ഏറെ അഭിമാനത്തോടും അദ്ഭുതത്തോടും കൂടിയാണ് അമ്മയുടെ ആ സര്‍പ്രൈസ് ഗിഫ്റ്റ് താന്‍ സൂക്ഷിക്കുന്നതെന്നും മകള്‍ പറയുന്നു.

ലെസ്റ്റര്‍ഷെയറിലെ എമ്മ എന്ന യുവതിയ്ക്കാണ് ഈ അപൂര്‍വ സമ്മാനം ലഭിച്ചത്. എമ്മയുടെ വിവാഹനിശ്ചയം 2016ല്‍ ആയിരുന്നു. ഈ ചടങ്ങിന് ശേഷം ഒരുമാസം പിന്നിട്ടപ്പോഴാണ് എമ്മയുടെ അമ്മയ്ക്ക് അര്‍ബുദം സ്ഥിരീകരിച്ചതും തുടര്‍ന്ന് അവര്‍ മരണമടഞ്ഞതും. കഴിഞ്ഞാഴ്ചയാണ് അമ്മയുടെ സര്‍പ്രൈസ് ഗിഫ്റ്റ് എമ്മയെത്തേടിയെത്തിയത്. മരിക്കുന്നതിനു മുന്‍പ് അമ്മ എമ്മയ്ക്കായി വാങ്ങിയ ഷൂവില്‍ തനിക്ക് അവസാനമായി മകളോടു പറയാനുള്ള കാര്യങ്ങളും കുറിച്ചിരുന്നു.

” നിന്റെ വിവാഹ ദിനത്തില്‍ ഒരു സമ്മാനം തരണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ഈ വെഡ്ഡിങ് ഷൂവാണ് നിനക്കുള്ള എന്റെ വിവാഹ സമ്മാനം. ഇന്നത്തെ ദിവസം നിന്റെ ജീവിതത്തിലെ മാന്ത്രിക ദിനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപാടൊരുപാട് സ്‌നേഹത്തോടെ ഞാന്‍ നിന്നെ ആലിംഗനം ചെയ്യുന്നു.”അമ്മയുടെ സര്‍പ്രൈസ് സമ്മാനത്തെപ്പറ്റി എമ്മ പറയുന്നതിങ്ങനെ :” ഇങ്ങനെയൊരു സമ്മാനത്തെപ്പറ്റി എനിക്കൊരു ഊഹവും ഇല്ലായിരുന്നു. പക്ഷേ എന്റെ പ്രതിശ്രുത വരന് ഇതിനേക്കുറിച്ചറിയാമായിരുന്നു. സമ്മാനം ലഭിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നെ സംബന്ധിച്ചിടത്തോളം ആ ഷൂസ് എക്‌സ്ട്രാ സ്‌പെഷ്യലാണ്. കാരണം അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ അമ്മ കുടുംബാംഗങ്ങള്‍ക്കു വേണ്ടി കത്തുകളെഴുതുമായിരുന്നു. പക്ഷേ അങ്ങനെയൊരു കത്ത് എനിക്ക് ലഭിക്കുന്നതിനു മുന്‍പേ അമ്മ ഈ ലോകത്തില്‍ നിന്ന് പോയി. അതുകൊണ്ടു തന്നെ ഈ സമ്മാനം എനിക്കമൂല്യമാണ്.”- എമ്മ പറയുന്നു.

എമ്മയുടെ അമ്മയുടെ ആഗ്രഹം സാക്ഷാത്കരിക്കാനായി ഷൂ ഒരുക്കി നല്‍കിയ ലേസ് ആന്‍ഡ് ലൗ എന്ന ഓണ്‍ലൈന്‍ ഷോപ്പ് അവരുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഷൂവിന്റെ ചിത്രവും അതിനു പിന്നിലെ കഥയും പങ്കുവച്ചതോടെയാണ് തന്റെ മരണശേഷവും മകള്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍ ആഗ്രഹിച്ച അമ്മയുടെ കഥ പുറംലോകമറിഞ്ഞത്.മകള്‍ക്ക് സര്‍പ്രൈസ് ഒരുക്കാന്‍ എമ്മയുടെ അമ്മ തങ്ങളെ സമീപിച്ചതിനെക്കുറിച്ച് അവര്‍ പറയുന്നതിങ്ങനെ.

‘ഈ സുന്ദരമായ ഷൂസുകള്‍ക്കു പിന്നില്‍ ഏറെ വികാരഭരിതമായ ഒരു കഥയുണ്ട്. ഈ ഷൂസ് വാങ്ങാനായി കസ്റ്റമര്‍ കുറച്ചു തുക ഡിപ്പോസിറ്റ് ചെയ്തിരുന്നു. എന്നാല്‍ ആരുമറിയാതെ എമ്മയുടെ അമ്മ ഞങ്ങളെ ബന്ധപ്പെടുകയും ഷൂവിന്റെ മുഴുവന്‍ തുക നല്‍കുകയും ചെയ്തു.ശേഷം ഷൂവിന്റെ സോളില്‍ എഴുതാനുള്ള ഒരു സന്ദേശവും ഞങ്ങളെ ഏല്‍പ്പിച്ചു. അമ്മയാണ് അവര്‍ക്കായി ഷൂ വാങ്ങിയതെന്നുള്‍പ്പടെയുള്ള സംഗതികള്‍ ഞങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിച്ചു. വിവാഹസമ്മാനം എമ്മയുടെ കൈയില്‍ ലഭിച്ചതിനു ശേഷം മാത്രമാണ് ഈ കഥകളൊക്കെയും എമ്മ അറിയുന്നത്’. എന്തായാലും സംഭവം പലര്‍ക്കും ഒരു സര്‍പ്രൈസായിരുന്നു.

Related posts