ശ്രീറാമിനെതിരായ അന്വേഷണത്തിൽ വെള്ളം ചേർക്കില്ല; രക്തത്തിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താതിരിക്കാൻ മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ? ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചുവെന്നത് പൊതുസമൂഹത്തിന് ബോധ്യമായ കാര്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ മരിക്കാനിടയായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരേ നടക്കുന്ന അന്വേഷണത്തിൽ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കേസിൽ പോലീസിന് വീഴ്ച സംഭവിച്ചോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവർ എല്ലാ വശങ്ങളും പരിശോധിക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികളുണ്ടാകും.

ശ്രീറാം മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചുവെന്നത് പൊതുസമൂഹത്തിന് ബോധ്യമായ കാര്യമാണ്. മദ്യപിച്ചിരുന്നില്ല എന്ന് പറയുന്നത് ശ്രീറാം മാത്രമാണ്. അത് സമ്മതിച്ചാൽ പോലും അമിതവേഗത്തിൽ വാഹനമോടിക്കരുതെന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ നിയമപരിജ്ഞാനമുള്ള അയാൾക്ക് അറിയില്ലായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കും. ഇക്കാര്യത്തിൽ ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപകടം നടന്നയുടൻ ശ്രീറാമിന്‍റെ രക്തപരിശോധന നടത്തുന്നതിൽ വീഴ്ച വരുത്തിയ എസ്ഐയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ശ്രീറാമിന്‍റെ ശരീരത്തിൽ നിന്നും സ്വീകരിച്ച രക്തത്തിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താതിരിക്കാൻ മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി ഇക്കാര്യത്തിൽ താനൊരു വിദഗ്ധനല്ലെന്നും വ്യക്തമാക്കി.

Related posts