നാളെ വൈകുന്നേരം ആറ് മണിക്ക് വീട്ടിലേക്ക് വരൂ, വിലപ്പെട്ട ഒരു രൂപ ഫീസ് നിങ്ങളെ കാത്തിരിക്കുന്നു…മരണത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഹരീഷ് സാല്‍വെയെ വിളിച്ച് സുഷമ പറഞ്ഞതിങ്ങനെ…

‘നാളെ വൈകുന്നേരം ആറ് മണിക്ക് വീട്ടിലേക്ക് വരൂ, വിലപ്പെട്ട ഒരു രൂപ ഫീസ് നിങ്ങളെ കാത്തിരിക്കുന്നു’, മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സുഷമാ സ്വരാജ് ഹരീഷ് സാല്‍വേയോട് ഫോണില്‍ സംസാരിച്ച വാചകങ്ങളാണിത്. ഒരുപക്ഷേ അവര്‍ നടത്തിയ അവസാനത്തെ ഫോണ്‍ സംഭാഷണവും ഇതാവാം. കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചതിന് സാല്‍വെയെ അഭിനന്ദിച്ചു കൊണ്ടാണ് സുഷമ ഇക്കാര്യം പറഞ്ഞത്.

നാളെ വൈകുന്നേരം ആറ് മണിക്ക് വീട്ടിലേക്ക് വരൂ. ജയിച്ച കേസിന് ഫീസായി വിലമതിക്കാനാവാത്ത ഒരു രൂപ തരുന്നുണ്ട് എന്ന് അവര്‍ പറഞ്ഞപ്പോള്‍ തീര്‍ച്ചയായും അഭിമാനകരമായ ആ ഒരു രൂപ വാങ്ങുന്നതിനായി എത്തിയിരിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും സാല്‍വെ പറയുന്നു. വളരെ ഇമോഷണലായാണ് രാത്രി 8.50 ഓടെ വിളിച്ചപ്പോള്‍ സുഷമാ സ്വരാജ് സംസാരിച്ചതെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാല്‍വെ വ്യക്തമാക്കി.

എന്നാല്‍ രാത്രി 9.30 ഓടെ ഹൃദയാഘാതം അനുഭവപ്പെട്ട സുഷമാ സ്വരാജിനെ എയിംസില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 10.50 ഓടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സുഷമാ സ്വരാജിന്റെ ഭൗതികശരീരം ബി.ജെ.പി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. മന്ത്രിപദം ഒഴിഞ്ഞ ശേഷം വിവിഐപി പരിവേഷങ്ങളോട് പുറംതിരിഞ്ഞ് നിന്ന് സാധാരണക്കാരിലൊരാളായി കഴിയാന്‍ സുഷമ സ്വരാജ് തിരഞ്ഞെടുത്ത ഡല്‍ഹി ജന്ദര്‍മന്തര്‍ റോഡിലെ ഫ്‌ളാറ്റിലേയ്ക്ക് രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കം പ്രതിപക്ഷ നേതാക്കള്‍, കേന്ദ്ര മന്ത്രിമാര്‍, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങി ഡല്‍ഹിയിലെ ആയിരക്കണക്കിന് സാധാരണ മനുഷ്യര്‍വരെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ രണ്ടു ദിവസത്തെയും ബി ജെ പി ഒരാഴ്ച്ചത്തെയും ദു:ഖാചരണം പ്രഖ്യാപിച്ചു. രാജ്യസഭ അനുശോചിച്ചു.കേന്ദ്ര സര്‍ക്കാര്‍ പരിപാടികള്‍ മാറ്റിവെച്ചിട്ടുണ്ട്.വൈകീട്ട് ലോധി റോഡ് ശ്മശാനത്തിലാണ് സംസ്‌ക്കാരം. സോഷ്യല്‍ മീഡിയയും ഒന്നടങ്കം സുഷമ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ചു.

Related posts