കളിയ്ക്കാവിള എസ്എസ്‌ഐയുടെ കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തില്‍ തന്നെ ! പ്രതികള്‍ക്ക് സഹായം ചെയ്തത് വിതുരയില്‍ താമസിക്കുന്ന സെയ്താലി; ലുക്ക് ഔട്ട് നോട്ടീസുകള്‍ പലയിടത്തും കീറിയതോടെ പോലീസ് ആശങ്കയില്‍…

കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സണെ വെടിവച്ചുകൊന്ന കേസില്‍ പ്രതികള്‍ക്കായി തെരഞ്ഞില്‍ ഊര്‍ജിതമാക്കി തമിഴ്നാട് ക്യൂബ്രാഞ്ചും കേരള പൊലീസും. പ്രതികള്‍ക്കായി പതിച്ച പതിച്ച ലുക്ക് ഔട്ട് നോട്ടീസുകള്‍ പലയിടത്തും കീറിക്കളഞ്ഞതായി കണ്ടത് അന്വേഷണ സംഘത്തെ കൂടുതല്‍ ജാഗ്രതയിലാക്കി. സംഭവത്തിന് പിന്നില്‍ തീവ്രസ്വഭാവമുള്ള സംഘടനകളുണ്ടെന്ന് നേരത്തെ സൂചന കിട്ടിയിരുന്നു.

കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തിലാണെന്ന് തെളിയുകയും ചെയ്തിരുന്നു. സംഭവത്തിനു രണ്ടു ദിവസം മുമ്പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.ജനുവരി 7നും 8നും മുഖ്യപ്രതികളായ തൗഫീഖും, അബ്ദുള്‍ ഷമീമും നെയ്യാറ്റിന്‍കരയിലെത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയത്.

തൗഫീഖും, അബ്ദുള്‍ ഷമീമും നെയ്യാറ്റിന്‍കരയില്‍ വീട് വാടകക്കെടുത്ത് താമസിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് തമിഴ്നാട് ക്യൂബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വിതുരയില്‍ ഭാര്യവീട്ടില്‍ താമസിക്കുന്ന കളിയിക്കാവിള സ്വദേശി ഏര്‍പ്പാടാക്കിയ വീട്ടിലാണ് ഇവര്‍ താമസിച്ചതെന്നാണ് പൊലീസിന്റെ സംശയം.ഇയാള്‍ കന്യാകുമാരി സ്വദേശിയും വിതുരയില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ സെയ്താലിയാണ്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

മുമ്പ് തീവ്രസംഘടനകളുമായി ബന്ധമുണ്ടായിരുന്ന 25ഓളം ആളുകളെ കേരള-തമിഴ്നാട് അന്വേഷണ സംഘം ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ കൈവശം ബാഗുണ്ടായിരുന്നതായും അത് മറ്റാര്‍ക്കോ കൈമാറിയതിലും ദുരൂഹതയുണ്ട്. അതിനാല്‍തന്നെ പോലീസ് ചിലരെ വിട്ടയയ്ക്കുകയും ചെയ്തു. അതേസമയം സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസ് അനുമാനം.

2014ല്‍ ചെന്നൈയില്‍ നടന്ന വര്‍ഗീയ കൊലപാതകത്തില്‍ പ്രതിയാണ് അബ്ദുള്‍ ഷമീം. ഈ കേസുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് തിരയുന്നുണ്ടെങ്കിലും ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കന്യാകുമാരിയില്‍ ബിജെപി നേതാവിനെ കൊന്ന കേസിലെ പ്രതിയാണ് തൗഫീക്ക്. പ്രതികളുടെ ഈ പശ്ചാത്തലങ്ങളാണ് വില്‍സണെ വെടിവെച്ചു കൊന്ന സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിക്കുന്നത്. പൊലീസുകാരനു നേരെ നടന്ന ആക്രമണം വ്യക്തിവൈരാഗ്യമല്ല എന്നാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് പറയുന്നത്.

അതിനിടെ, വില്‍സണെ വെടിവച്ച് കൊല്ലാന്‍ പ്രതികള്‍ക്ക് തോക്കു കൈമാറിയ വ്യക്തി പിടിയിലെന്നും സൂചനയുണ്ട്. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിടികൂടിയ ഇജാസാണ് പ്രതികള്‍ക്ക് തോക്ക് കൈമാറിയതെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. മുഖ്യപ്രതിയായ തൗഫീഖിന്റെ അടുത്ത സുഹൃത്താണിയാള്‍. കൊലപാതകത്തിന് മുമ്പ് പ്രതികള്‍ ചെക്ക്പോസ്റ്റിലേക്ക് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. തൗഫീഖിനെയും അബ്ദുല്‍ ഷമീമിനെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് ഓപ്പറേഷന് വിലങ്ങുതടിയാണ്.

Related posts