സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ കള്ളിമുണ്ട് പിടിച്ചു നിന്നിട്ടുണ്ട് ! ഇനി താരങ്ങള്‍ക്ക് പണം നല്‍കി മാത്രമേ അമ്മ പടം പിടിക്കുകയുള്ളൂ; അടുത്ത ചിത്രത്തില്‍ ഭാവനയുണ്ടാകില്ലെന്ന് ഇടവേള ബാബു…

മലയാള സിനിമയിലെ താര സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമാകുന്നത്. അമ്മയില്‍ നിന്നു രാജിവച്ച നടി ഭാവനയെ മരിച്ചതിനോടാണ് ഇടവേള ബാബു ഉപമിച്ചത്.

അമ്മ നിര്‍മിക്കുന്ന അടുത്ത ചിത്രത്തില്‍ ഭാവന ഉണ്ടാകില്ലെന്നും ബാബു പറഞ്ഞു. ഒരു ചാനലിന്റെ പരിപാടിയില്‍ സംസാരിക്കവെയാണ് ഇടവേള ബാബു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

ഈ വര്‍ഷം അമ്മയുടെ നേതൃത്വത്തില്‍ ഒരു ചാനലുമായി ചേര്‍ന്ന് സ്റ്റേജ് ഷോ ചെയ്യാന്‍ ഏകദേശ ധാരണ ആയതായിരുന്നുവെന്നും എന്നാല്‍ കോവിഡ് എല്ലാം തകര്‍ത്തുവെന്നും ഇടവേള ബാബു പറയുന്നു.

താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന അടുത്ത പടത്തില്‍ നടി ഭാവന ഉണ്ടാകില്ലെന്നും പുതിയ ചിത്രം ട്വന്റിട്വന്റിയുടെ മാതൃകയില്‍ ഉള്ളതായിരിക്കില്ലെന്നും പറഞ്ഞ ബാബു ഇനി താരങ്ങള്‍ക്ക് പണം നല്‍കി മാത്രമേ അഭിനയിപ്പിക്കുകയുള്ളൂവെന്നും വ്യക്തമാക്കി.

ഒരു കോടി വാങ്ങുന്നയാള്‍ക്ക് 15-25 ലക്ഷം എങ്കിലും കൊടുക്കുകയുള്ളുവെന്നും ഇടവേള ബാബു പറഞ്ഞു. ഇപ്പോ ഭാവന അമ്മയില്‍ ഇല്ല, കഴിഞ്ഞ ട്വന്റി ട്വന്റിയില്‍ നല്ല റോള്‍ ചെയ്തതാണ്. അതിപ്പോ മരിച്ച് പോയവരെ നമുക്ക് തിരിച്ച് കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ എന്നും ബാബു പറഞ്ഞു.

അമ്മയില്‍ ഉള്ളവരെ വച്ചായിരിക്കും സിനിമയെന്നും അമ്മയില്‍ നിലവില്‍ ഭാവന ഇല്ല എന്നേ തനിക്ക് പറയാന്‍ കഴിയൂ എന്നുമാണ് ബാബു പറഞ്ഞത്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദത്തിനിടയാക്കിയിരിക്കുന്നത്.

ഒരു ചാനലുമായി ചേര്‍ന്ന് നടത്താന്‍ പദ്ധതിയിട്ട സ്‌റ്റേജ് ഷോ റദ്ദാക്കിയതിനെത്തുടര്‍ന്നാണ് പുതിയ ഒരു സിനിമയെക്കുറിച്ച് ആലോചിച്ചതെന്നും
കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇത് ചര്‍ച്ച ചെയ്തുവെന്നും ബാബു പറയുന്നു.

അമ്മ രൂപീകരിച്ച് 25 വര്‍ഷം തികയുകയാണ്. കൊച്ചിയില്‍ സംഘടനയ്ക്കായി ഒരു ഓഫിസ് നിര്‍മ്മിക്കുണ്ട്. ഇതിന് കൂടിയാണ് സിനിമ ചെയ്യാം എന്ന ആലോചനയിലേക്ക് എത്തിയത്.

ഈ സാഹചര്യത്തിന് പറ്റിയ രീതിയിലുള്ള സിനിമ ചെയ്യാന്‍ വേണ്ട ഒരു പ്രോജക്ട് സമര്‍പ്പിക്കാന്‍ അമ്മയുടെ യോഗത്തില്‍ ധാരണയായിരുന്നു.

അമ്മയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇപ്പോള്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അത് ഒടിടി പ്ലാറ്റ്‌ഫോമില്‍ വില്‍ക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. അമ്മയില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന ആരോപണത്തെ ബാബു തള്ളിക്കളഞ്ഞു.

അമ്മയില്‍ നാനൂറിലധികം ആളുകളുണ്ടെന്നും സ്ത്രീ വിരുദ്ധത ഉണ്ടോയെന്ന് അവരില്‍ ആരെങ്കിലും പറയട്ടെയെന്നും പറഞ്ഞ ബാബു, സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ തങ്ങള്‍ കള്ളിമുണ്ട് പിടിച്ച് നിന്ന കാലമുണ്ടായിരുന്നെന്നും വ്യക്തമാക്കി.

ഡബ്ല്യുസിസിയുടെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അത് കുറച്ച് ആളുകള്‍ പറയുന്നതല്ലേയെന്നും നമ്മള്‍ അവരെ ബഹുമാനിച്ചില്ല എന്ന് ആരേലും പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അമ്മയുടെ ഭരണഘടനയില്‍ മാറ്റം വരുത്തിയിരുന്നു. നിലവില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ മൂന്ന് സ്ത്രീകള്‍ ആണെങ്കില്‍ അത് നാലാക്കി മാറ്റിയിട്ടുണ്ട്.

അടുത്ത വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മൂന്ന് സ്ത്രീകളെ തന്നെ നിലവില്‍ കിട്ടാന്‍ പാടാണ്. പലരും ഇത്തരം സംഘടനാ കാര്യങ്ങള്‍ക്കൊന്നും വരുന്നില്ലെന്നും, കാര്യങ്ങള്‍ നടത്താന്‍ ആരുമില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.

Related posts

Leave a Comment