മനില: ഫിലിപ്പീൻസിൽ വീശിയടിച്ച കൽമയ്ഗി ചുഴലിക്കാറ്റ് തീർത്ത ദുരിതത്തിൽ 26 മരണം. പ്രളയത്തിൽ നിരവധി വീടുകളും വാഹനങ്ങളും മുങ്ങുകയും ജനങ്ങൾ മേൽക്കൂരകളിൽ അഭയം തേടുകയും ചെയ്തിട്ടുണ്ട്.
തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി കോളുകൾ ലഭിക്കുന്നുണ്ടെന്ന് ഫിലിപ്പീൻ റെഡ് ക്രോസ് സെക്രട്ടറി ജനറൽ ഗ്വെൻഡോളിൻ പാംഗ് പറഞ്ഞു. പ്രളയജലം താഴാതെ രക്ഷാപ്രവർത്തനം അസാധ്യമാണെന്നും സെപ്റ്റംബർ 30ന് സെബു പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽനിന്നു മുക്തമാകും മുൻപാണ് പുതിയ ദുരന്തമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിഴക്കൻ സമറിലെ ഗ്രാമീണമേഖലയിലുള്ള 300 കുടിലുകൾക്കു കേടുപാടുകളുണ്ടായി. ഇവിടെ പ്രളയമുണ്ടായില്ലെങ്കിലും ശക്തമായ കാറ്റുണ്ടായെന്നും മേയർ അന്നലീസ ഗോൺസാലസ് ക്വാൻ പറഞ്ഞു.
ചുഴലിക്കാറ്റ് കരതൊടുന്നതിനു മുൻപ് 387,000 ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് സർക്കാർ മാറ്റിയിരുന്നു. അതേസമയം, ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ പുറപ്പെട്ട എയർഫോഴ്സ് ഹെലികോപ്റ്റർ അഗുസൻ ഡെൽ സുർ പ്രവിശ്യയിൽ തകർന്നുവീണു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥർക്കായി തെരച്ചിൽ തുടരുകയാണെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. അപകടകാരണം വ്യക്തമല്ല.

