ഖാർത്തൂം: സുഡാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നിർദേശിച്ച വെടിനിർത്തൽ അംഗീകരിക്കുന്നതായി റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വിമതസേന അറിയിച്ചു.
സിവിലിയൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ഉദ്ദേശിച്ചുള്ള ഇടക്കാല വെടിനിർത്തലാണ് ഇതെന്നും അവർ വ്യക്തമാക്കി. സൗദി, യുഎഇ, ഈജിപ്ത് രാജ്യങ്ങളും മധ്യസ്ഥശ്രമങ്ങളിൽ പങ്കാളികളായി.
ആർഎസ്എഫും സുഡാൻ സേനയും തമ്മിൽ 2023 ഏപ്രിലിൽ ആരംഭിച്ച യുദ്ധത്തിൽ ജനം പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നല്കിയിരുന്നു. സുഡാനിലെ ആരോഗ്യ സംവിധാനങ്ങളും തകർന്ന നിലയിലാണ്.
ദാർഫുർ മേഖലയിലെ എൽ ഫഷർ നഗരം സുഡാൻ സേനയിൽനിന്നു പിടിച്ചെടുത്ത് ആഴ്ചകൾക്കകമാണ് ആർഎസ്എഫ് വെടിനിർത്തലിനു സമ്മതിച്ചിരിക്കുന്നത്. എൽ ഫാഷറിൽ ആർഎസ്ഫ് പോരാളികൾ ജനങ്ങളെ കൊന്നൊടുക്കുന്നതടക്കമുള്ള യുദ്ധക്കുറ്റങ്ങളിൽ ഏർപ്പെടുന്നതായാണു റിപ്പോർട്ട്. അതേസമയം, ആർഎസ്എഫ് ആയുധം താഴെവച്ച് സിവിലിയൻ പ്രദേശങ്ങളിൽനിന്നു പിന്മാറാതെ വെടിനിർത്തൽ അംഗീകരിക്കില്ലെന്നാണു സുഡാൻ സേന അറിയിച്ചിരിക്കുന്നത്.
പട്ടാളഭരണം നിലവിലുള്ള സുഡാനിൽ സായുധസേനാ മേധാവി ജനറൽ അൽ ബുർഹാനും അർധസൈനിക വിഭാഗമായ ആർഎസ്എഫിന്റെ മേധാവി മുഹമ്മദ് ഹംദാൻ ദഗാലോയും തമ്മിലുള്ള തർക്കമാണ് ആഭ്യന്തരയുദ്ധത്തിനു കാരണം.

