വ്യാജ ആത്മഹത്യ റീൽ ചിത്രീകരിക്കുന്നതിനിടെ നേപ്പാൾ സ്വദേശിയായ കൗമാരക്കാരനു ഗുരുതര പരിക്ക്. മഹാരാഷ്ട്ര അഹല്യാനഗർ ജില്ലയിലാണു സംഭവം. ജാംഖേഡ് കരമലയിലെ ഹോട്ടൽ കോന്പൗണ്ടിലാണു കൗമാരക്കാരനും സുഹൃത്തും ചേർന്ന് റീൽ ചിത്രീകരണം നടത്തിയത്.
മരത്തിൽ തുണികൊണ്ടുതീർത്ത കുരുക്കിൽ കഴുത്തുമുറുക്കി 17കാരൻ തൂങ്ങുകയായിരുന്നു. എന്നാൽ, കുരുക്കിൽനിന്നു കൗമാരക്കാരനു മോചിതനാകാൻ കഴിഞ്ഞില്ല.
ചിത്രീകരണം നടത്തിക്കൊണ്ടിരുന്ന സുഹൃത്ത് അപകടം തിരിച്ചറിയുകയും കുരുക്കഴിച്ച് താഴെയിറക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നേപ്പാൾ സ്വദേശിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.