ബലാത്സംഗങ്ങള്‍ കൂടാന്‍ കാരണം പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ശ്രദ്ധയില്ലായ്മയാണ്! പെണ്‍കുട്ടികളെ വീടിന് പുറത്ത് വിടരുത്; ബിജെപി എംഎല്‍എയുടെ പ്രസ്താവന വിവാദത്തില്‍

വിവാദപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ തങ്ങളിലാരും പിന്നിലല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് രാജ്യത്തെ ബിജെപി അംഗങ്ങള്‍. രാജ്യത്ത് ബലാത്സംഗം വര്‍ധിക്കുന്നതിന് ഉത്തരവാദികള്‍ രക്ഷിതാക്കളാണെന്ന ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.

ബല്ലില്ലാ ജില്ലയിലെ ബൈരിയ എംഎല്‍എ സുരേന്ദ്ര സിംഗാണ് വിചിത്ര പ്രസ്താവനയ്ക്ക് പിന്നില്‍. പെണ്‍കുട്ടികളെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കുന്നതാണ് ബലാത്സംഗങ്ങള്‍ കൂടാന്‍ കാരണമെന്നും എംഎല്‍എ പറഞ്ഞു. 15 വയസുവരെ കുട്ടികളെ അനുസരണയോടെ വളര്‍ത്തേണ്ട ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കാണ്. അതിന് പകരം കുട്ടികളെ ഒരു നിയന്ത്രണവുമില്ലാതെ ചുറ്റിക്കറങ്ങാന്‍ രക്ഷിതാക്കള്‍ അനുവദിക്കുകയാണ്.

ഇത് സാമൂഹിക വിപത്തിന് ഇടയാക്കും. ഇതാണ് പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. കുട്ടികളെ എപ്പോഴും നിയന്ത്രിച്ച് നിര്‍ത്തണം. അവരെ മാതാപിതാക്കളുടെ പരിധിക്കുള്ളില്‍ നിന്ന് പുറത്ത് വിടരുത്. മൊബൈല്‍ ഫോണ്‍ പോലുള്ള കാര്യങ്ങള്‍ അവരില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.

 

Related posts