സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശ്ശൂരിന്റെ ഭാഗ്യമെന്ന് ബിജു മേനോന്‍ ! സുരേഷ് ഗോപി തൃശൂരുകാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമെന്ന് സുരേഷ് കുമാര്‍ ! തൃശ്ശൂരില്‍ ആക്ഷന്‍ഹീറോ കറുത്ത കുതിരയാവുമോ ?

തൃശ്ശൂര്‍: വൈകിയാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതെങ്കിലും തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തെ ഇളക്കിമറിച്ചു കൊണ്ടുള്ള പ്രചരണമാണ് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി നടത്തുന്നത്. സുരേഷ് ഗോപി എന്ന താരത്തെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തുന്നത്. ഈ ആള്‍ക്കൂട്ടം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സുരേഷ് ഗോപിയും ബിജെപി ക്യാമ്പും.

സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായതോടെ ബിജെപി കേന്ദ്രങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. പുതിയ പ്രചരണ തന്ത്രങ്ങളുമായി മുന്നോട്ടു പോയ സുരേഷ് ഗോപി അതിവേഗമാണ് മണ്ഡലത്തില്‍ നടക്കുന്നത് ത്രികോണ മത്സരമാണെന്ന് പ്രതീതി സൃഷ്ടിച്ചത്. ഇക്കാര്യം വ്യക്തമാക്കുന്ന സര്‍വേകളും പുറത്തുവന്നു. ഒടുവില്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ താരങ്ങളെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിച്ചു കൊണ്ടാണ് അദ്ദേഹം മേല്‍ക്കൈ നേടിയത്.

സൂപ്പര്‍താരം മോഹന്‍ലാലിനെ പ്രചരണത്തിന് എത്തിക്കാന്‍ സുരേഷ് ഗോപി ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ സ്ഥലത്തില്ലാഞ്ഞതിനാല്‍ സംഗതി നടന്നില്ല. എന്നാല്‍ സിനിമയിലെ മറ്റു സഹപ്രവര്‍ത്തകര്‍ സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. സുരേഷ് ഗോപിക്ക് വോട്ടു ചോദിച്ച് പരസ്യമായി രംഗത്തെത്തിയത് നടന്‍ ബിജു മേനോനായിരുന്നു. സുരേഷ് ഗോപിയുടെ സഹപ്രവര്‍ത്തകരും അദ്ദേഹത്തിന് വോട്ടു ചോദിച്ചു രംഗത്തുവന്നു. പ്രിയ പ്രകാശ് വാര്യര്‍, നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍, നടന്‍ സന്തോഷ്, യദു കൃഷ്ണന്‍, ഗായകന്‍ അനൂപ് ശങ്കര്‍ എന്നിവരാണ് താരത്തിന് വോട്ടു തേടി പൊതുവേദിയിലെത്തിയത്.

തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിലാണ് സിനിമാ രംഗത്തെ നിരവധി പേര്‍ സഹപ്രവര്‍ത്തകന് വിജയാശംസകള്‍ നേരാനെത്തിയത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിന്റെ ഭാഗ്യമാണെന്ന് തൃശൂരിലെ വോട്ടര്‍ കൂടിയായ ബിജു മേനോന്‍ പറഞ്ഞു. സുരേഷ് ഗോപിയെ പോലൊരു മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും അദ്ദേഹം തൃശ്ശൂരിന്റെ ജനപ്രതിനിധിയായാല്‍ എന്തു കാര്യത്തിനും ഒപ്പമുണ്ടാവും എന്ന് താന്‍ ഉറപ്പു നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപി തൃശൂരുകാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്നായിരുന്നു നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ അഭിപ്രായം. തിരുവനന്തപുരത്തെ ഒരുപാട് മനുഷ്യരെ സഹായിച്ച മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്, പത്നി രാധിക എന്നിവരടക്കമുള്ള എല്ലാ കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ ഇവരും തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തും. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ കാസര്‍കോട് മുതല്‍ നെയ്യാറ്റിന്‍കര വരെ എംപി എന്ന നിലയിലും വ്യക്തിപരമായും അദ്ദേഹം ചെയ്ത കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഓര്‍ത്തെടുത്തു.

സെവന്‍ ആര്‍ട്സ് വിജയകുമാര്‍, വിദ്യാധരന്‍ മാസ്റ്റര്‍, സന്തോഷ്, നന്ദകിഷോര്‍, സുധീര്‍, പ്രിയ വാര്യര്‍, സി.കെ. സുരേഷ്, സുന്ദര്‍ മേനോന്‍, ടി.സി. സേതുമാധവന്‍, അനൂപ് ശങ്കര്‍, ടി.എസ്. അനന്തരാമന്‍, വി.പി. നന്ദകുമാര്‍, ടി.ആര്‍. വിജയകുമാര്‍, കെ.വി. സദാനന്ദന്‍, ഡോ. ടി.കെ.വി. ജയരാഘവന്‍, ഡോ. രാംദാസ് ചേലൂര്‍, ശശി അയ്യഞ്ചിറ, കിരണ്‍ രാജ്, ഡോ. പി.കെ.ആര്‍. പിള്ള, തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. പരിപാടയില്‍ പങ്കെടുത്തവരോട് സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചത് തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നായിരുന്നു. തൃശ്ശൂര്‍ മണ്ഡലത്തില്‍ തേനും പാലും ഒഴുക്കുമെന്ന വാഗ്ദാനം താന്‍ നല്‍കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മറിച്ച് തൃശ്ശൂരിന്റെ ഏറ്റവും മികച്ച എംപിയെന്ന പേരെടുക്കുമെന്നാണ് സുരേഷ് ഗോപി ആളുകളോട് പറയുന്നത്.

സിനിമാ രംഗത്തുള്ളവര്‍ വരും ദിവസങ്ങളിലും വോട്ടുപിടിക്കാന്‍ എത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം തീരദേശ മേഖലയെ ആവേശത്തിലാഴ്ത്തി സുരേഷ്‌ഗോപിയുടെ കൂറ്റന്‍ റോഡ് ഷോ നടന്നിരുന്നു. ഗുരുവായൂര്‍ കടിക്കാട് ക്ഷേത്ര പരിസരത്തു നിന്നാണ് റോഡ് ഷോ തുടങ്ങിയത്. ഗുരുവായൂര്‍, നാട്ടിക, മണലൂര്‍ നിയോജക മണ്ഡലങ്ങളില്‍ പ്പെടുന്ന തീരദേശ മേഖലകളില്‍ കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. തീരദ്ദേശമേഖലക്കും മത്സ്യത്തൊഴിലാളികള്‍ക്കും നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തുകൊടുത്ത കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ തടിച്ചുകൂടിയ കടലിന്റെ മക്കള്‍ നീണ്ട കരഘോഷത്തോടെ സുരേഷ് ഗോപിയുടെ വാക്കുകളെ വരവേറ്റു. തൃശ്ശൂര്‍ മണ്ഡലത്തിന്റെ മറ്റു ഭാഗങ്ങളിലും വന്‍ജനക്കൂട്ടമാണ് സുരേഷ് ഗോപിയെ വരവേറ്റത്. ഈ പ്രചരണം തൃശ്ശൂരില്‍ അട്ടിമറിക്ക് വഴിയൊരുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Related posts