ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ കിഴുത്താണിയിൽ കോളജ് വിദ്യാർഥിനി കിണറ്റിൽ വീണുമരിച്ച സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ രംഗത്ത്.
ഇക്കഴിഞ്ഞ പത്തിന് ഉച്ചയോടെയാണു കിഴുത്താണി മനപ്പടിയിൽ പെരുന്പിള്ളി ജ്യോതിപ്രകാശിന്റെ മകൾ സാന്ത്വനയെ കിണറ്റിൽ വീണു മരിച്ചനിലയിൽ കണ്ടെത്തിയത്.
ഈ സമയത്ത് രണ്ടു ചെറുപ്പക്കാർ വീടിന്റെ പരിസരത്തുണ്ടായിരുന്നതായും ഇവരാണു കുട്ടി കിണറ്റിൽ വീണ വിവരം കുട്ടിയുടെ അമ്മയെ അറിയിച്ചതെന്നും ഇതു കുടുംബത്തിനും പൊതുസമൂഹത്തിനും ആശങ്കകൾക്ക് ഇടവരുത്തിയിട്ടുണ്ടെന്നും മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സിപിഐ കാറളം ലോക്കൽ സെക്രട്ടറി കെ.എസ്. ബൈജു ആവശ്യപ്പെട്ടു.
മരണത്തിലെ ദൂരൂഹത നീക്കണമെന്ന് കാറളം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി യോഗവും ആവശ്യപ്പെട്ടു.
സംഭവസമയത്ത് വിദ്യാർഥിനിയുടെ സുഹൃത്തുക്കൾ വിദ്യാർഥിനിയെ സന്ദർശിച്ചിരുന്നുവെന്നും തൊട്ടുപിന്നാലെയാണു മരണം സംഭവിച്ചതെന്നും സുഹൃത്തുക്കളുടെ പങ്കിനെപ്പറ്റി അന്വേഷിക്കാത്തതു രാഷ്ട്രീയ സ്വാധീനം മൂലമാണെന്നും യോഗം കുറ്റപ്പെടുത്തി.
വിശദമായ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ ജില്ലാ കളക്ടർക്കും ജില്ല പോലീസ് മേധാവിക്കും പരാതി നല്കിയിട്ടുണ്ട്.
സാന്ത്വനയുടെ വീട്ടിൽ ടി.എൻ. പ്രതാപനെത്തി
കാറളം: ദുരൂഹസാഹചര്യത്തിൽ മരിച്ച കിഴുത്താണി മനപ്പടി സ്വദേശിയായ വിദ്യാർഥിനി സാന്ത്വനയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ടി.എൻ. പ്രതാപൻ എംപി സന്ദർശിച്ചു.
തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോഗ്രയെ എംപി ഫോണിൽ വിളിച്ച് കേസിന്റെ പുരോഗതി അന്വേഷിച്ചു. കേസിൽ ദുരൂഹ സാഹചര്യം നിലനിൽക്കുന്നതിനാൽ സംഘത്തെ നിയോഗിക്കണമെന്ന് എസ്പിയോട് എംപി ആവശ്യപ്പെട്ടു.
യൂത്ത് കോണ്ഗ്രസ് നേതാക്കളായ ശ്രീനാഥ് എടക്കാട്ടിൽ, സുബീഷ് കാക്കനാടൻ, സഞ്ജയ് പെരുന്പിള്ളി, കോണ്ഗ്രസ് നേതാക്കളായ തങ്കപ്പൻ പാറയിൽ,
രാംദാസ് വെളിയംകോട്ട്, സജീവൻ പോട്ടയിൽ, വിജീഷ് പുളിപ്പറന്പിൽ, വിനോദ് പുള്ളിൽ എന്നിവർ ഭാരവാഹികളായി കോണ്ഗ്രസ് ആക്ഷൻ കൗണ്സിൽ രൂപീകരിച്ചു.