കടക്ക് പുറത്ത്! സ്വീഡിഷ് രാജാവ് കൊച്ചുമക്കളെ കൊട്ടാരത്തിൽ നിന്നു പുറത്താക്കി

സ്റ്റോക്ക്ഹോം: സ്വീഡിഷ് രാജാവ് കാൾ ഗുസ്താവ് പതിനാറാമൻ തന്‍റെ കൊച്ചുമക്കളെ രാജകൊട്ടാരത്തിൽ നിന്നു പുറത്താക്കി. ഇവർക്കാർക്കും ഇനി രാജകീയ വിശേഷണങ്ങൾ ഉപയോഗിക്കാൻ അവകാശമുണ്ടാകില്ല. രാജകുടുംബത്തിന് അവകാശപ്പെട്ട ചടങ്ങുകളും ഇവർക്കു നിർവഹിക്കാനാവില്ല.

അതേസമയം, രണ്ടു കൊച്ചുമക്കൾക്കു മാത്രം മുൻപുണ്ടായിരുന്ന അവകാശങ്ങൾ തുടരും. ഇവർ ഇരുവരും രാജ്യത്ത് കിരീടാവകാശ പരന്പരയിൽപ്പെടുന്നവരാണ്.

രാജകുടുംബത്തിലെ ഒട്ടേറെ അംഗങ്ങൾക്കായി പണം ചെലവഴിക്കുന്നത് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജാവിന്‍റെ തീരുമാനമെന്നാണ് സൂചന. ഇതനുസരിച്ച് കാൾ ഫിലിപ്പ് രാജകുമാരന്‍റെ രണ്ടു മക്കൾക്കും മാഡലിൻ രാജകുമാരിയുടെ മൂന്നു മക്കൾക്കുമാണ് അവകാശങ്ങൾ നഷ്ടപ്പെടുന്നത്.

ഒന്നിനും അഞ്ചിനുമിടയിലാണ് ഇവരുടെയെല്ലാം പ്രായം. ഇവർക്കായി ഇനി നികുതിദായകരുടെ പണം ഉപയോഗിക്കില്ല എന്നതാണ് തീരുമാനത്തിന്‍റെ കാതൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Related posts