എടത്വ: സംസ്ഥാനത്ത് വനമില്ലാത്ത ഏകജില്ലയില് പ്രതീകാത്മക വനമേഖല സൃഷ്ടിച്ച് സര്‍ക്കാര്‍. പ്രധാനമന്ത്രി നഗര്‍ വന്‍ യോജന സ്കീമില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ വീയപുരം വനം ഡിപ്പോ വളപ്പി ലാണ് നഗരവാടിക പദ്ധതിയിലൂടെ വനമേഖല സജ്ജമാക്കിയത്. 2022ലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ആറ് ഹെക്ടര്‍ വരുന്ന വീയപുരം ഡിപ്പോ വളപ്പിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചിരുന്നു.
സമീപവാസികളെ ഉള്‍പ്പെടുത്തി ഗ്രാമഹരിത സമിതി രൂപീകരിച്ച് സന്ദര്‍ശകരില്‍നിന്ന് പ്രവേശന ഫീസ്, ട്രക്കിംഗ് ഫീസ് മുതലായവ സ്വരൂപിച്ച് പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി അവബോധം എന്നിവ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പിലാക്കുന്നതിലൂടെ തദ്ദേശീയമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും ജനങ്ങള്‍ക്ക് പ്രകൃതിയെ അടുത്തറിയുന്നതിനും പരിസ്ഥിതി സംരക്ഷണത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനും സഹായകരമാകും.
പദ്ധതിയുടെ ഭാഗമായി 22.3 ലക്ഷം രൂപ വിനിയോഗിച്ച് പണി പൂര്‍ത്തീകരിച്ചിരുന്നു. കുട്ടികളുടെ പാര്‍ക്ക്, അലങ്കാര മുളത്തോട്ടം, പ്രതീകവനങ്ങള്, മരത്തിന് ചുറ്റും മുളകൊണ്ടുള്ള ഇരിപ്പിടങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ ശേഖരിക്കുന്ന വന വിഭവങ്ങള്‍ക്ക് മെച്ചപ്പെട്ട വില നല്കി മൂല്യവര്‍ധന നടത്തി വിപണനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള വനശ്രീ ഇക്കോ ഷോപ്പും ക്രമീകരിച്ചിട്ടുണ്ട്.
രണ്ടാംഘട്ടമെന്ന നിലയില്‍ ഡിപ്പോ വളപ്പിലെ കുളം ആഴം വര്‍ധിപ്പിച്ച് കുട്ടവഞ്ചി സവാരി, തദ്ദേശീയര്‍ക്കു വരുമാനം വര്‍ധിപ്പിക്കുന്നതിനായി കഫ്ത്തീരിയ മുതലായവയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും വിഭാവനം ചെയ്തിട്ടുണ്ട്. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം മൂലം സംജാതമാകുന്ന വന്യജീവി സംഘര്‍ഷം, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം അടക്കമുള്ള പ്രകൃതിക്ഷോഭങ്ങള്‍ അനുഭവിക്കുന്ന കാലഘട്ടത്തില്‍ വനത്തിന്റെയും വനവത്കരണത്തിന്റെയും പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുന്നതിനും പദ്ധതികള്‍ അനിവാര്യമാണെന്ന് അധികൃതര്‍ പറഞ്ഞു.
വനമേഖല ഇല്ലായെന്ന പ്രത്യേകതയുള്ള ആലപ്പുഴ ജില്ലയില്‍ പ്രതീകാത്മക വനമടക്കമുള്ള മേല്സംരംഭങ്ങള് അതീവ പ്രാധാന്യമായാണ് സര്‍ക്കാര്‍ കാണുന്നത്. പദ്ധതി പ്രാധാന്യം മനസിലാക്കുന്നതിനുവേണ്ടി ട്രക്കിംഗ്, ശുദ്ധമായ വനിഭവങ്ങള് ചൂഷണം കൂടാതെ ശേഖരിച്ച് പൊതുജനങ്ങളില്‍ എത്തിക്കുന്നതിനു ഇക്കോഷോപ്പ് എന്നിവയും പദ്ധതിയോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ ഉപയോഗിക്കുക വഴി വനത്തിന്റെ പ്രാധാന്യവും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും പ്രകൃതിയെ ചൂഷണം ചെയ്യാതെ ശുദ്ധമായ വനവിഭവങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതിനും മേല്സംവിധാനങ്ങള് സഹായകരമാകുമെന്ന് അധികൃതര്‍ ചുണ്ടിക്കാട്ടി.

