കൊച്ചി: ‘ ഒരു തമിഴ് സിനിമയിലേക്ക് കാരക്ടര്‍ റോള്‍ ചെയ്യാന്‍ ഓഫര്‍ വന്നിട്ടുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലായതിനാല്‍ ഞാന്‍ ഡിസംബര്‍ 13 വരെ സമയം ചോദിച്ചിരിക്കുകയാണ്’ ചെല്ലാനം ഹാര്‍ബറിലെത്തുന്ന വള്ളങ്ങളില്‍ നിന്ന് ലേലം വിളിക്കാനുള്ള മത്സ്യക്കുട്ടകള്‍ നോക്കിക്കൊണ്ട് സിനിമാ നടനായ ഒ.എഫ് സെബാസ്റ്റ്യന്‍ എന്ന ചെല്ലാനത്തുകാരുടെ സ്വന്തം മാള പറഞ്ഞു.
ചെല്ലാനം ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം. മിമിക്രി കലാകാരന് കൂടിയായ സെബാസ്റ്റ്യന്‍ കൂടുതലായും ചെയ്യുന്നത് മാള അരവിന്ദന്റെ ഫിഗറാണ്. അതുകൊണ്ടുതന്നെയാണ് മാള എന്ന ഓമനപ്പേര് ചെല്ലാനത്തുകാര്‍ അദ്ദേഹത്തിനു സമ്മാനിച്ചതും. പ്രചാരണയോഗങ്ങളിലൊക്കെ സിനിമാ നടന്മാരെ അനുകരിച്ച് സെബാസ്റ്റ്യൻ വോട്ടു ചോദിക്കുമ്പോള്‍ നിറഞ്ഞ കൈയടിയാണ് കിട്ടുന്നത്.
തെക്കേ ചെല്ലാനം കൂട്ടുപറമ്പില്‍ സെബാസ്റ്റ്യന്് കുട്ടിക്കാലം മുതല്‍ അഭിനയത്തോടെ താല്പര്യമുണ്ടായിരുന്നു. കൊച്ചിന് കലാഭവനില്‍ ഒന്നര വര്‍ഷം വയലിന് പഠിച്ചെങ്കിലും അഭിനയമാണ് തന്റെ തട്ടകമെന്ന് സെബാസ്റ്റ്യന്‍ തിരിച്ചറിഞ്ഞു. മാള അരവിന്ദന്, പ്രേം നസീര്‍, മധു, ജനാര്ദ്ദനന്, കൊച്ചിന് ഹനീഫ എന്നിവരെ അനുകരിക്കുന്നതാണ് സെബാസ്റ്റ്യന്റെ മാസ്റ്റര്‍ പീസ് ഐറ്റം.
ഇതിനിടെ ചെല്ലാനം വേളാങ്കണ്ണി മാതാ ആര്‍ട്സ് ട്രൂപ്പിനു കീഴില്‍ തെരുവുനാടകങ്ങളിലും സ്റ്റേജ് നാടകങ്ങളിലും വര്‍ഷങ്ങളായി അഭിനയിച്ചുവരുന്നു.
ഇതിനകം പത്തിലധികം വേദികളില്‍ അരങ്ങേറിയ കാറ്റാടിമലയിലെ സൂര്യന് എന്ന നാടകത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ വേഷം സെബാസ്റ്റ്യനെ ജനപ്രിയനാക്കി. ദേവസഹായം പിള്ള, അന്നമ്മയുടെ അവറാച്ചന്, അമ്മ ഉറങ്ങാത്ത വീട് എന്നീ നാടകങ്ങളഇലും മികച്ച വേഷം ചെയ്തു. ബിജു മേനോന്റെ ആന്റപ്പന് ആന്‍ഡ് സണ്‍സ്, വെടിക്കെട്ട്, വിമാനം, ഇടിയന് ചന്ദു ഉള്‍പ്പെടെ പത്തിലധികം മലയാളം ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിലെ തരകനായ ഇദ്ദേഹം 2010 ല്‍ ചെല്ലാനം ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതാണ്.
സ്വന്തം ലേഖിക

