തൊടുപുഴ: കുട്ടികളുടെ പഠനം മുടക്കാതെ തന്നെ പണിമുടക്കിൽ പങ്കെടുത്ത ഒരു കൂട്ടം അധ്യാപകർ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം കുട്ടികളോടുള്ള ഉത്തരവാദിത്വവും നിറവേറ്റി.
തൊടുപുഴ വെങ്ങല്ലൂർ മുനിസിപ്പിൽ യുപി സ്കൂളിലെ അധ്യാപകരാണ് പണി മുടക്കിൽ പങ്കെടുത്തു തന്നെ വിദ്യാർഥികളുടെ അധ്യയനം നഷ്ടപ്പെടുത്താതിരുന്നത്. ഹർത്താലു കളും പ്രളയവും വിദ്യാർഥികളുടെ ഒട്ടേറെ പഠനദിവസങ്ങൾ നഷ്ടപ്പെടുത്തിയ സാഹചര്യത്തിലാണ് അധ്യാപകർ ഇത്തരമൊരു തീരുമാനമെടുത്തത്.
പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ആരും ഹാജർ രേഖപ്പെടുത്തിയില്ല. രണ്ടു ദിവസത്തെ ശന്പളവും ഉപേക്ഷിച്ചു. പ്രധാനാധ്യാപകൻ ഉൾപ്പെടെ എട്ട് അധ്യാപകരും ഓഫീസ് ജീവനക്കാരനുമാണ് സ്കൂളിലുള്ളത്. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവരുൾപ്പെടെ ഇവരെല്ലാം ജോലിക്കു ഹാജരായി. ഏഴു വരെ ക്ലാസുകളിലായി 82 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
അധ്യാപകർ എത്തുമെന്നറിഞ്ഞതോടെ ആദ്യ ദിവസം 64 കുട്ടികളും ഇന്നലെ 75 കുട്ടികളും സ്കൂളിലെത്തിയതായി ഹെഡ്മാസ്റ്റർ ടോം.വി.തോമസ് പറഞ്ഞു.