ബ്ലൂവെയിലിന് ശേഷം മറ്റൊരു കൊലയാളി ഗെയിം! സോപ്പുപൊടി വായിലിട്ട് ചവച്ച് തുപ്പി ഓണ്‍ലൈനില്‍ ഹീറോ ആകുന്ന രോഗം; ടൈഡ് പോഡ് ചലഞ്ചില്‍ ജീവന്‍ നഷ്ടപ്പെട്ടത് പത്തോളം പേര്‍ക്കെന്ന് റിപ്പോര്‍ട്ട്

ഓണ്‍ലൈനിലൂടെ അതിവേഗം പടര്‍ന്ന് പിടിക്കുന്ന ചില ഭ്രാന്തുകളുണ്ട്. ബ്ലൂവേയില്‍ ഗെയിം അത്തരത്തിലൊന്നായിരുന്നു. അനേകം കൗമാരക്കാരുടെ ജീവനെടുത്ത ബ്ലൂവേയ്ല്‍ ഗെയിം ഒട്ടുമിക്ക സര്‍ക്കാരുകളും നിരോധിച്ചതോടെ ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുകയാണ്. ഇപ്പോഴിതാ പുതിയൊരു ഭ്രാന്തന്‍ കളി കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കാന്‍ എത്തിയിരിക്കുന്നു. ടൈഡ് പോഡ് ചലഞ്ച് എന്നാണ് കളിയുടെ പേര്. തികച്ചും അപകടകാരിയായ ഈ കളി ഇതിനകം പത്തോളം പേരുടെ ജീവനെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

ടൈഡ് പോഡ് (സോപ്പ് ദ്രാവകരൂപത്തിലാക്കി ഒരു ചെറിയ പാക്കറ്റിനുള്ളിലാക്കിയത്) ആണ് ഈ ഗെയിം കളിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇത് വായിലിട്ട് ചവച്ച് തുപ്പുകയും ചിലപ്പോള്‍ ഉള്ളിലേക്ക് ഇറക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ രീതി. നിറമുള്ള സോപ്പുപൊടി വായിലിട്ട് പതപ്പിച്ചശേഷം അത് വീഡിയോയില്‍ പകര്‍ത്തുകയും മറ്റുള്ളവരെ മത്സരത്തിന് വെല്ലുവിളിക്കുകയും ചെയ്യണം എന്നതാണ് നിയമം. എന്നാല്‍ ഈ കളി അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്ന് ആരോഗ്യരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. സോപ്പുപൊടി ഉള്ളില്‍ച്ചെന്നതിന്റെ പേരില്‍ ആശുപത്രിയിലെത്തിയ നാല്‍പ്പതോളം കേസുകള്‍ അമേരിക്കയിലെ അസോസിയേഷന്‍ ഓഫ് പോയ്‌സണ്‍ കണ്‍ട്രോള്‍ സെന്റേഴ്‌സ് ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.

സോപ്പുപൊടിയില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങളായ എഥനോള്‍, പോളിമറുകള്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയാണ് അപകടകാരികള്‍. ഇത് വയറ്റിലെത്തിയാല്‍ വയറിളക്കവും ഛര്‍ദിയുമുറപ്പാണ്. അത് ചിലപ്പോള്‍ നിര്‍ജലീകരണത്തിനും മരണത്തിനും കാരണമായേക്കാമെന്നും വിദഗ്ദ്ധര്‍ പറയുന്നു. എന്തും വായിലാക്കാന്‍ പോന്ന ധൈര്യം തനിക്കുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് പറയപ്പെടുന്നത്. 2015 ല്‍ തുടങ്ങിയതാണെങ്കിലും ഈ കളി വ്യാപകമാവുന്നത് ഇപ്പോള്‍ മാത്രമാണ്. വിഴുപ്പലക്കാനുള്ള പൊടി കഴിക്കരുതെന്ന തലക്കെട്ടില്‍ കോളജ് ഹ്യൂമര്‍ ഒരു തമാശ വീഡിയോ ഓണ്‍ലൈനായി പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് ഇതൊരു ചാലഞ്ചായി ഓണ്‍ലൈനില്‍ പടര്‍ന്ന് പിടിച്ചത്.

 

Related posts