ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിനുള്ള ഗുസ്തി യോഗ്യതാ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രതി ചേർക്കപ്പെട്ടാൽ സുശീൽ കുമാറിന് കോമൺവെൽത്ത് ഗെയിംസ് നഷ്ടപ്പെട്ടേക്കുമെന്നു സൂചന. സെമിഫൈനലിൽ പർവീൺ റാണയുമായി നടന്ന മത്സരത്തിനു ശേഷമാണ് ഇരുവരുടെയും ആരാധകർ ഏറ്റുമുട്ടിയത്. പർവീണിന്റെ സഹോദരൻ നവീന് പരിക്കേൽക്കുകയും ചെയ്തു. മത്സരത്തിൽ 7- 3 ന് സുശീൽ കുമാർ ജയിക്കുകയും ചെയ്തു. പിന്നീടു നടന്ന ഫൈനലിൽ ജിതേന്ദർ കുമാറിനെ 4-3 ന് പരാജയപ്പെടുത്തി സുശീൽ കുമാർ ഗെയിംസ് യോഗ്യത നേടുകയും ചെയ്തു.
ആരാധകരെ പിന്തുണച്ച് ആക്രമണത്തിന് പ്രേരിപ്പിച്ചത് സുശീൽ കുമാറാണെന്നു ചൂണ്ടിക്കാട്ടി പർവീൺ റാണ ഡൽഹി പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി അന്വേഷിക്കുന്ന ഡൽഹി പോലീസ് സുശീൽ കുമാറിനെതിരേ കുറ്റപത്രം സമർപ്പിച്ചാൽ റെസലിംഗ് ഫെഡറേഷൻ ഒാഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) സുശീൽ കുമാറിനെതിരേ സസ്പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടി സ്വീകരിക്കാൻ നിർബന്ധിതരാവും.
അങ്ങനെ നടന്നാൽ സുശീൽ കുമാർ കോമൺവെൽത്ത് ടീമിൽ നിന്നു പുറത്താവും. ഇക്കാര്യത്തിൽ റെസലിംഗ് ഫെഡറേഷൻ ഒാഫ് ഇന്ത്യക്കും പർവീൺ റാണ പരാതി നൽകിയിരുന്നു. തമ്മിലടി വിഷയത്തിൽ റെസ്ലിംഗ് ഫെഡറേഷൻ ഒാഫ് ഇന്ത്യ സുശീൽ കുമാറിനോട് വിശദീകരണം തേടിയിരുന്നു.
മത്സരശേഷം നടന്ന തമ്മിലടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും തനിക്കെതിരായ പരാതി കരുതിക്കൂട്ടി സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഗുസ്തി തന്റെ ജീവിതമാണെന്നും താനൊരിക്കലും ഗുസ്തിക്കു ചീത്തപ്പേരുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യില്ലെന്നും ഫെഡറേഷന്റെ നിയമങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.