കോഴിക്കോട് : നഗരം കേന്ദ്രീകരിച്ചു പിടിച്ചുപറി നടത്തുന്ന നാലംഗസംഘത്തിനെതിരേ കൂടുതല്‍ പരാതികള്‍. മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും പിടിച്ചുപറി നടത്തിയ സംഘത്തിനെതിരെയാണ് നിരവധി പരാതികള്‍ ഉയരുന്നത്. പരാതികളുടെ അടിസ്ഥാനത്തില്‍ കസബ പോലീസ് അന്വേഷണം ആരംഭിച്ചു.
പുല്‍പ്പള്ളി സ്വദേശിയെ സംഘം ചേര്‍ന്ന് ഭയപ്പെടുത്തി പഴ്സ് തട്ടിപ്പറിച്ച കേസിലെ പ്രതികളായ വെള്ളിമാടുകുന്ന് സ്വദേശി ജിനീഷ് (30), എന്‍ജിഒ ക്വാട്ടേഴ്സിനു സമീപത്തുള്ള പ്രജീഷ് (29), വേങ്ങേരി ചോലപ്പുറത്ത് ശരത് (27), ചെലവൂര്‍ സ്വദേശി അക്ഷയ് (22) എന്നിവരെക്കുറിച്ചാണ് പോലീസ് വിശദമായി അന്വേഷിക്കുന്നത്.
ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരം തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടുക പതിവാണെന്നു പോലീസ് അറിയിച്ചു. പണം നഷ്ടപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികള്‍ പരാതിയുമായി പോലീസിനെ സമീപിക്കില്ലെന്നതിനാലാണ് സ്ഥിരമായി ഇവരെ കേന്ദ്രീകരിച്ചു പിടിച്ചുപറി നടത്തുന്നതെന്നാണു പ്രതികള്‍ പോലീസിനോട് പറഞ്ഞത്.
അതേസമയം, ഇതരസംസ്ഥാനക്കാരല്ലാത്തവരെയും ഇവര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിട്ടുണ്ടെന്നാണു പോലീസിനു ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നു കസബ പോലീസ് പറഞ്ഞു. പിടിച്ചുപറി നടത്തുന്ന പണം ആര്‍ഭാടജീവിതം നയിക്കാനാണ് ഇവര്‍ ഉപയോഗിക്കുന്നത്. വിലകൂടിയ ലഹരി വസ്തക്കുളും ഇവര്‍ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
രണ്ടുമാസത്തിനുള്ളില്‍ 18 പിടിച്ചുപറിക്കാരെയാണ് കസബ പോലീസ് പിടികൂടിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നു ബസ് കയറുന്നവരെ പോക്കറ്റടിക്കുന്ന സംഘത്തിലുള്ളവരെയും മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് പോക്കറ്റടിയും പിടിച്ചുപറിയും നടത്തുന്നവരെയുമാണ് പോലീസ് പിടികൂടിയത്.
വിഷുത്തിരക്ക് കണക്കിലെടുത്ത് നഗരത്തില്‍ കൂടുതല്‍ പരിശോധന നടത്തുന്നുണ്ടെന്ന് കസബ പോലീസ് അറിയിച്ചു. മഫ്തിയിലും അല്ലാതെയും അഞ്ചോളം പട്രോളിംഗ് സംഘമാണ് നിരീക്ഷണത്തിനായുള്ളത്.