മേജര്‍ തട്ടിപ്പ്..! ആര്‍മിയിലേക്ക് നേരിട്ട് ജോലിയെന്ന് തെറ്റിദ്ധരിപ്പിച്ച് റിക്രൂട്ട്‌മെന്റ്; ആറുമാസത്തെ പരിശീലനത്തിന് 15,000 ഫീസ്

KTM-THATTIPPU-Lതൊടുപുഴ: സ്വകാര്യ സ്ഥാപനം നടത്തിയ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി പോലീസ് ഇടപെട്ടു തടഞ്ഞു. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമാണു തൊടുപുഴയില്‍ കരസേന റിക്രൂട്ട്‌മെന്റ് റാലി നടത്തിയത്. ഇന്നലെ രാവിലെ ഏഴോടെ ആരംഭിച്ച റാലിയില്‍ പങ്കെടുക്കാനായി ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരത്തിലധികം ഉദ്യോഗാര്‍ഥികളാണ് എത്തിയത്. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു. നോട്ടീസ് വിതരണം ചെയ്തായിരുന്നു പ്രചാരണം. ആര്‍മിയിലേക്കു ജോലി ലഭിക്കുന്ന റിക്രൂട്ട്‌മെന്റാണു നടക്കുന്നതെന്നു തെറ്റിദ്ധരിച്ചാണ് മിക്കവരും എത്തിയത്.

എന്നാല്‍, ഈ റാലിയില്‍ മികവുള്ളവരെ കണ്ടെത്തി ആറുമാസം സ്വകാര്യ സ്ഥാപനം പരിശീലനം നല്‍കും. പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ 15,000 രൂപ ഫീസ് അടയ്ക്കണം. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ ആര്‍മി നടത്തുന്ന റിക്രൂട്ട്‌മെന്റില്‍ ഇവര്‍ പങ്കെടുത്തു വിജയിച്ചാലേ സൈന്യത്തില്‍ ചേരാനാകൂ. ഇതിനുള്ള പരിശീലനം മാത്രമേ സ്ഥാപനം നല്‍കുന്നുള്ളൂ. ഇക്കാര്യം മിക്കവരും മനസിലാക്കിയിരുന്നില്ല.

റിക്രൂട്ട്‌മെന്റ് തുടങ്ങിയതോടെ സ്ഥലത്തെത്തിയ തൊടുപുഴ എസ്‌ഐ ജോബിന്‍ ആന്റണിയും സംഘവുമാണ് രക്ഷിതാക്കളെയും ഉദ്യോഗാര്‍ഥികളെയും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയത്. തുടര്‍ന്നു രക്ഷിതാക്കളും ഉദ്യോഗാര്‍ഥികളും മടങ്ങിപ്പോയി. റിക്രൂട്ട്‌മെന്റ് റാലി നിര്‍ത്തി വയ്ക്കാന്‍ സ്ഥാപന ഉടമയോടു പോലീസ് അവശ്യപ്പെടുകയും ചെയ്തു. അര്‍മിയില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥനാണു സ്ഥാപനം നടത്തുന്നത്.

രജിസ്‌ട്രേഷനുള്ള സ്ഥാപനമാണിതെന്നാണു സ്വകാര്യ സ്ഥാപനത്തിന്റെ ഉടമ പോലിസിനോടു പറഞ്ഞത്. സംസ്ഥാനത്തുടനീളം 11 സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള റിക്രൂട്ട്‌മെന്റ് ഇവര്‍ നടത്തിയിട്ടുണ്ട്. തൊടുപുഴയിലും കോഴിക്കോടുമാണു പരിപാടി തടസപ്പെട്ടത്. ഒരു സ്ഥലത്തുനിന്നു നൂറു പേരെയാണു തെരഞ്ഞെടുക്കുന്നത്. ആളുകള്‍ വഞ്ചിതരാകാന്‍ ഇടയുണ്ട് എന്നതിനാലാണു റാലി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നു പോലീസ് പറഞ്ഞു.

പോലീസില്‍ അറിയിക്കാതെയായിരുന്ന റിക്രൂട്ട്‌മെന്റ്. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി.എന്‍. സജി സംഭവം സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജിനു കൈമാറി. തുടര്‍ന്നു തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐയോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എസ്പി നിര്‍ദേശം നല്‍കി.

Related posts